ELECTION COMMISIO
വോട്ടര്‍ പട്ടിക തീവ്ര പരിശോധനയുടെ സമയ പരിധി തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീട്ടിനല്‍കി. അഞ്ച് സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തുമാണ് എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതി നീട്ടിയത്. തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ ഡിസംബര്‍ 14 വരെയാണ് സമയം നീട്ടിയത്. കര്‍ശനമായ മേലുദ്യോഗസ്ഥ സമ്മര്‍ദ്ദം താങ്ങാനാകാതെ വിവിധ സംസ്ഥാനങ്ങളിലായി ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ആത്മഹത്യ ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് കമ്മീഷന്റെ ഈ സുപ്രധാന തീരുമാനം.
മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ എന്നിവിടങ്ങളില്‍ ഡിസംബര്‍ 18 വരെയും, ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ 26 വരെയുമാണ് എസ്ഐആര്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അധിക സമയം അനുവദിച്ചത്. ഈ ആറ് പ്രദേശങ്ങളിലും ഇന്ന് അവസാനിക്കേണ്ടിയിരുന്ന എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള തീയതിയാണ് ഒരാഴ്ചയോളം നീട്ടിനല്‍കിയത്.
നേരത്തെ, തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ നടപടികള്‍ നീട്ടി നല്‍കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച കേരളത്തിന് കമ്മീഷന്‍ അധികസമയം അനുവദിച്ചിരുന്നു. കേരളത്തില്‍ എന്യൂമറേഷന്‍ ഫോം സമര്‍പ്പിക്കാനുള്ള അവസാന തീയതി ഡിസംബര്‍ 18 വരെയാണ്. സംസ്ഥാനത്തെ വോട്ടര്‍ പട്ടികയുടെ കരട് ഡിസംബര്‍ 23-ന് പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക 2026 ഫെബ്രുവരി 21-നാണ് പ്രസിദ്ധീകരിക്കുക.
അതേസമയം, എസ്ഐആര്‍ കാലാവധി നീട്ടണമെന്ന പശ്ചിമ ബംഗാളിന്റെ ആവശ്യം തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബംഗാളിലെ എസ്ഐആര്‍ കാലാവധി ഇന്ന് രാത്രിയോടെ അവസാനിക്കും. ഇവിടെ 55 ലക്ഷം പേര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.