സസരാം, ബിഹാര്‍: കേന്ദ്രത്തില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം കാലം രാജ്യത്തിന്റെ ഭരണഘടന ഭീഷണിയിലാണെന്നും ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമല്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ബിഹാറിലെ സസരാമില്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങളുടെ അവകാശങ്ങള്‍ക്കായി കോണ്‍ഗ്രസ് എപ്പോഴും പോരാടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്നിടത്തോളം ഭരണഘടന അപകടത്തിലാണ്, ജനങ്ങളുടെ അവകാശങ്ങള്‍ സുരക്ഷിതമല്ല. വോട്ടവകാശം തട്ടിയെടുക്കാനാണ് അവര്‍ ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ മോദി സര്‍ക്കാരിന്റെ ഏജന്റിനെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നത്,’ ഖാര്‍ഗെ ആരോപിച്ചു.
കഴിഞ്ഞ 100 വര്‍ഷമായി ആര്‍എസ്എസ് രാജ്യത്തെ സേവിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയെയും ഖാര്‍ഗെ വിമര്‍ശിച്ചു. ‘എന്നാല്‍ ഈ സംഘടന ബ്രിട്ടീഷുകാര്‍ക്കൊപ്പമാണ് പ്രവര്‍ത്തിച്ചത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് എതിരായവരെ അവര്‍ പിന്തുണച്ചു. കോണ്‍ഗ്രസ് എല്ലായ്‌പ്പോഴും ജനങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടിയിട്ടുണ്ട്, അത് തുടരുകയും ചെയ്യും,’ അദ്ദേഹം പറഞ്ഞു.
വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ എന്‍ഡിഎ സര്‍ക്കാരിനെ ബിഹാറിലെ ജനം പുറത്താക്കുമെന്നും ഖാര്‍ഗെ അവകാശപ്പെട്ടു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ‘വോട്ടര്‍ അധികാര്‍ യാത്ര’ ബിഹാറിലെ 20-ല്‍ അധികം ജില്ലകളിലൂടെ 1300 കിലോമീറ്ററിലധികം സഞ്ചരിക്കും. സെപ്റ്റംബര്‍ 1-ന് പട്‌നയില്‍ നടക്കുന്ന മഹാറാലിയോടെ യാത്ര സമാപിക്കും. ആര്‍ജെഡി നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് തുടങ്ങിയ ഇന്ത്യ സഖ്യത്തിലെ പ്രമുഖ നേതാക്കളും ഉദ്ഘാടന റാലിയില്‍ പങ്കെടുത്തു.