ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി നയിച്ച ‘വോട്ടര്‍ അധികാര്‍ യാത്ര’ സമാപിച്ചു. 1,300 കിലോമീറ്റര്‍ ദൂരം സഞ്ചരിച്ച് 110 നിയമസഭാ മണ്ഡലങ്ങളിലൂടെയും 25 ജില്ലകളിലും കടന്നുപോയ യാത്രയുടെ സമാപനത്തോടനുബന്ധിച്ച് ഇന്ത്യ സഖ്യകക്ഷികള്‍ ‘ഗാന്ധി സേ അംബേദ്കര്‍’ മാര്‍ച്ച് നടത്തി. തുടര്‍ന്ന് നടന്ന സമാപന സമ്മേളനത്തില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, വികാസ്ഷീല്‍ ഇന്‍സാന്‍ പാര്‍ട്ടി അധ്യക്ഷന്‍ മുകേഷ് സഹാനി, സിപിഐ (എംഎല്‍) ലിബറേഷന്‍ ജനറല്‍ സെക്രട്ടറി ദീപങ്കര്‍ ഭട്ടാചാര്യ, സിപിഐ(എം) ജനറല്‍ സെക്രട്ടറി എം എ ബേബി, സിപിഐയുടെ ആനി രാജ, ടിഎംസി എംപി യൂസഫ് പത്താന്‍, ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്, മറ്റ് ഇന്ത്യ ബ്ലോക്ക് നേതാക്കള്‍ എന്നിവര്‍ പങ്കെടുത്തു.
വന്‍ ജനാവലിയുടെ പിന്തുണയോടെ മുന്നേറിയ പദയാത്ര ഡാക്ക് ബംഗ്ലാവ് ക്രോസിംഗില്‍ പോലീസ് തടയുകയും അവിടെ വെച്ച് അവര്‍ റാലിയെ അഭിസംബോധന ചെയ്യുകയും ചെയ്തു. ഗാന്ധി മൈതാനത്തെ മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് പട്നയിലെ മാര്‍ച്ച് ആരംഭിച്ചത്. പിന്നീട് മാര്‍ച്ച് സമാപന സമ്മേളനത്തില്‍ എത്തിച്ചേരുകയായിരുന്നു.