K C VENUGOPAL| ‘വോട്ട് കള്ളന്മാര്‍ അധികാരം വിട്ടൊഴിയുക’: വോട്ട് ചോര്‍ച്ചയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുമെന്ന് കെ സി വേണുഗോപാല്‍ എം പി

Jaihind News Bureau
Thursday, August 14, 2025

രാജ്യത്ത് നടന്ന വോട്ട് ചോര്‍ച്ചയ്ക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം ശക്തമാക്കുന്നു. ‘വോട്ട് കള്ളന്മാര്‍ അധികാരം വിട്ടൊഴിയുക’ എന്ന മുദ്രാവാക്യമുയര്‍ത്തി രാജ്യത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികള്‍ തുടരുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി. പറഞ്ഞു. നാല് മാസത്തെ വിശദമായ അന്വേഷണത്തിന് ശേഷം കൃത്യമായ തെളിവുകളോടെയാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം നടത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. വോട്ട് കൊള്ളയ്‌ക്കെതിരായ പോരാട്ടത്തില്‍ രാഹുല്‍ ഗാന്ധിക്ക് ഐക്യദാര്‍ഢ്യവുമായി കോണ്‍ഗ്രസ് സംഘടിപ്പിച്ച ഫ്രീഡം ലൈറ്റ് നൈറ്റ് മാര്‍ച്ച് വേദിയില്‍ സംസാരിക്കുയായിരുന്നു അദ്ദേഹം.

ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെ ഇളക്കിമറിക്കുന്ന ഈ വോട്ട് ചോര്‍ച്ചയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം. ഇതിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധാര്‍മ്മികമായി ഭരണത്തില്‍ തുടരാന്‍ അവകാശമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്നും കെ.സി. വേണുഗോപാല്‍ ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിംഗ് ലിസ്റ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയേ മതിയാകൂ എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വോട്ട് ചോര്‍ച്ചയ്ക്കെതിരെ അഞ്ചു കോടി വോട്ടര്‍മാര്‍ ഒപ്പിട്ട നിവേദനം നല്‍കുമെന്നും കോണ്‍ഗ്രസ് അറിയിച്ചു. ഇന്നത്തെ സുപ്രീം കോടതി വിധി ഇന്ത്യ മുന്നണിയുടെ വിജയമാണെന്ന് കെ.സി. വേണുഗോപാല്‍ അഭിപ്രായപ്പെട്ടു. തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ബി.ജെ.പിയുടെ ഏജന്റായി പ്രവര്‍ത്തിച്ചാല്‍ അത് അംഗീകരിക്കാന്‍ കഴിയില്ല. എല്ലാ പ്രതിബന്ധങ്ങളെയും ഭീഷണികളെയും പുഞ്ചിരിയോടെ നേരിട്ട് രാഹുല്‍ ഗാന്ധി മുന്നോട്ട് പോവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.