വോട്ട് ചോരി വിവാദത്തില്‍ കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഇന്ന് തുടക്കം. ഇതിന്റെ ഭാഗമായി രാത്രി 8 മണിക്ക് മെഴുകുതിരി തെളിയിച്ച് പ്രതിഷേധ പരിപാടികള്‍ക്ക് തുടക്കമിടുമെന്ന് കോണ്‍ഗ്രസ് അറിയിച്ചു. പ്രധാനമന്ത്രിക്കെതിരെ ‘വോട്ട് കള്ളന്‍, സിംഹാസനം വിട്ടുപോകുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ്് പ്രചാരണം. കൂടാതെ ഈ മാസം 22 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ പ്രചാരണ റാലികളും സംഘടിപ്പിക്കുമെന്നും അറിയിച്ചു.
തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറില്‍ 17 മുതല്‍ തേജസ്വി യാദവിനൊപ്പം രാഹുല്‍ ഗാന്ധി പര്യടനം നടത്തും. അതേസമയം, വോട്ടര്‍ പട്ടികയിലെ ക്രമക്കേട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രാഹുല്‍ ഗാന്ധി നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മഹാദേവപുര നിയമസഭാ മണ്ഡലത്തില്‍ ഇരട്ട, വ്യാജവോട്ടുകള്‍ വ്യാപകമാണെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു.