ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച സമഗ്ര വോട്ടര്‍ പട്ടിക ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്പുകയാണ്. പാര്‍ലമെന്റിന് മുന്നില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തുന്നത്. പ്രതിപക്ഷ എംപിമാരടക്കം പതിനായിരങ്ങളാണ് മാര്‍ച്ചില്‍ അണിനിരന്നത്. ബിഹാര്‍ എസ്‌ഐആര്‍ റദ്ദ് ചെയ്യുക, വോട്ടര്‍ പട്ടിക ക്രമക്കേടില്‍ അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധ മാര്‍ച്ച്.
കഴിഞ്ഞ കുറച്ചു നാളുകളായി ബിഹാര്‍, മഹാരാഷ്ട്ര അടക്കം നടന്ന തിരഞ്ഞെടുപ്പുകളില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നാണ് രാഹുല്‍ ഗാന്ധി ഉന്നയിച്ചത്. പാര്‍ലമെന്റില്‍ വിഷയം ചര്‍ച്ച ചെയ്യണമെന്ന് പലവട്ടം പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടും ചര്‍ച്ച നടത്താതെ കേന്ദ്രം ഒളിച്ചു കളി തുടരുകയാണ്. കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനം നടത്തി സമഗ്രമായി വോട്ടര്‍ പട്ടിക ക്രമക്കേട് നടന്നുവെന്ന് ആരോപിച്ചത്. ഇതേത്തുടര്‍ന്ന് രാജ്യത്തൊട്ടാകെ പ്രതിഷേധം അലയടിച്ചിരുന്നു.