ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ആരോപിച്ച സമഗ്ര വോട്ടര്‍ പട്ടിക ആരോപണത്തില്‍ രാജ്യതലസ്ഥാനത്ത് പ്രതിഷേധമിരമ്പുകയാണ്. പാര്‍ലമെന്റിന് മുന്നില്‍ നിന്നും രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് ആരംഭിച്ചത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കാണ് മാര്‍ച്ച് നടത്തേണ്ടിയിരുന്നത്. എന്നാല്‍, ട്രാന്‍സ്‌പോര്‍ട്ട് ഭവനുമുന്നില്‍ പോലീസ് മാര്‍ച്ച് തടയുകയായിരുന്നു. പോലീസിന്റെ കിരാത നടപടിയില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ എംപിമാര്‍. മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എംപി അടക്കമുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിലെ ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണങ്ങളിലും ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലിലെ ക്രമക്കേടുകളിലും പ്രതിഷേധിച്ച്തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് ‘ഇന്ത്യ’ മുന്നണിയുടെ വന്‍ മാര്‍ച്ച് . ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ മുന്നൂറോളം എംപിമാര്‍ പാര്‍ലമെന്റിലെ മകര്‍ദ്വാറില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനമായ നിര്‍വചന്‍ സദനിലേക്ക് മാര്‍ച്ച് ചെയ്തു.
പ്രതിഷേധ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും എംപിമാരും പങ്കെടുത്തു. ജനാധിപത്യ പ്രക്രിയയെ തുരങ്കം വെച്ചുകൊണ്ട് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായ നടപടി സ്വീകരിക്കണമെന്നും വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടര്‍ പട്ടിക അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഞങ്ങളുടെ ആവശ്യം വ്യക്തമാണ് – സുതാര്യത പുലര്‍ത്തുക, ഡിജിറ്റല്‍ വോട്ടര്‍ പട്ടികകള്‍ പുറത്തുവിടുക, അതുവഴി ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അത് പരിശോധിക്കാന്‍ കഴിയും,’ രാഹുല്‍ ഗാന്ധി ‘എക്സ്’ പ്ലാറ്റ്‌ഫോമില്‍ കുറിച്ചു. ‘ഈ പോരാട്ടം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധത്തിന് പൊതുജന പിന്തുണ തേടി കോണ്‍ഗ്രസ് ഞായറാഴ്ച ഓണ്‍ലൈന്‍ കാമ്പെയ്‌നും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി votechori.in/ecdemand എന്ന വെബ് പോര്‍ട്ടലും 9650003420 എന്ന മിസ്ഡ് കോള്‍ നമ്പറും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.
അതേസമയം, കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിന് തെളിവ് തേടി കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്.