
ന്യൂഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ജനവിധിയെ അട്ടിമറിച്ചതായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . ഹരിയാനയില്‍ കോണ്‍ഗ്രസിനെ തോല്‍പ്പിക്കാന്‍ വലിയ ഗൂഢാലോചന നടന്നുവെന്നും, ഇത് ഒരു സംസ്ഥാനത്തിന്റെ ജനവിധി തട്ടിയെടുത്ത കഥയാണെന്നും പറഞ്ഞുകൊണ്ടാണ് രാഹുല്‍ ഗാന്ധി വാര്‍ത്താസമ്മേളനം ആരംഭിച്ചത്. ഇവിടെ പറയുന്നതെല്ലാം 100% സത്യമാണെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഹരിയാനയില്‍ 25 ലക്ഷം വോട്ടുകള്‍ മോഷ്ടിക്കപ്പെട്ടതായി രാഹുല്‍ ആരോപിച്ചു. ഇതില്‍ 5.21 ലക്ഷം ഇരട്ട വോട്ടര്‍മാരും, 93,174 അസാധു വോട്ടര്‍മാരും, 19.26 ലക്ഷം ബള്‍ക്ക് വോട്ടര്‍മാരും ഉള്‍പ്പെടുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഹരിയാനയിലെ വോട്ടര്‍ പട്ടികയില്‍ ഓരോ എട്ട് വോട്ടര്‍മാരിലും ഒരാള്‍ വ്യാജനാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. 22, 000 വോട്ടിനാണ് കോണ്‍ഗ്രസ് തോറ്റതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ഞങ്ങളുടെ പക്കല്‍ ‘H’ ഫയലുകള്‍ ഉണ്ട്, ഇത് ഒരു സംസ്ഥാനം എങ്ങനെയാണ് മോഷ്ടിക്കപ്പെട്ടത് എന്നതിനെക്കുറിച്ചാണ്. സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ഇത്തരം എന്തോ നടക്കുന്നുണ്ടെന്ന് ഞങ്ങള്‍ സംശയിച്ചിരുന്നു, ഇപ്പോഴത് വ്യക്തമാണ് ‘ രാഹുല്‍ പറഞ്ഞു. ഹരിയാനയില്‍ നിന്ന് ഞങ്ങള്‍ക്ക് ധാരാളം പരാതികള്‍ ലഭിച്ചു, ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ പ്രവചനങ്ങള്‍ എല്ലാം തലകീഴായി മാറിമറിഞ്ഞു. മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും ഞങ്ങള്‍ ഇത് അനുഭവിച്ചിട്ടുണ്ട്, എന്നാല്‍ ഹരിയാനയില്‍ സൂക്ഷ്മമായി പരിശോധിക്കാനും അവിടെ എന്താണ് സംഭവിച്ചതെന്ന് വിശദമായി മനസ്സിലാക്കാനും ഞങ്ങള്‍ തീരുമാനിച്ചു, ഇവിടെ പറയുന്നതെല്ലാം 100% സത്യമാണെന്നും’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയം തോല്‍വിയാക്കി മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും ബി.ജെ.പി.യും ഗൂഢാലോചന നടത്തിയെന്നും രാഹുല്‍ ആരോപിച്ചു. ‘ഇന്ത്യയിലെ യുവജനങ്ങളും, GenZ വിഭാഗത്തിലുള്ളവരും ഇത് വ്യക്തമായി മനസ്സിലാക്കണം, കാരണം ഇത് നിങ്ങളുടെ ഭാവിയെക്കുറിച്ചാണ്. ഞാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ ചോദ്യം ചെയ്യുന്നു, ഇന്ത്യയിലെ ജനാധിപത്യ പ്രക്രിയയെ ചോദ്യം ചെയ്യുന്നു, അതുകൊണ്ട് ഞാന്‍ 100% തെളിവുകളോടെയാണ് ഇത് ചെയ്യുന്നത്,’ രാഹുല്‍ പറഞ്ഞു. ‘കോണ്‍ഗ്രസിന്റെ ഉജ്ജ്വല വിജയം തോല്‍വിയാക്കി മാറ്റാന്‍ ഒരു പദ്ധതി തയ്യാറാക്കിയിട്ടുണ്ടെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.’
എല്ലാ എക്‌സിറ്റ് പോളുകളും ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ വിജയമാണ് പ്രവചിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പോസ്റ്റല്‍ വോട്ടുകളിലും കോണ്‍ഗ്രസിന് മുന്‍തൂക്കമുണ്ടായിരുന്നു. എന്നാല്‍ പോസ്റ്റല്‍ വോട്ടും പോളിംഗും തമ്മില്‍ ഹരിയാനയില്‍ വ്യത്യാസം കണ്ടത് ഞെട്ടിച്ചുവെന്നും ഫലം പല തവണ പരിശോധിച്ചുവെന്നും രാഹുല്‍ പറഞ്ഞു.
പത്രസമ്മേളനത്തിനിടെ, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരു ബ്രസീലിയന്‍ മോഡല്‍ സ്ത്രീയുടെ ഫോട്ടോ ഉപയോഗിച്ച് 10 വ്യത്യസ്ത ബൂത്തുകളില്‍ സീമ, സ്വീറ്റി, സരസ്വതി, രശ്മി, വില്‍മ എന്നിങ്ങനെ വ്യത്യസ്ത പേരുകളില്‍ 22 തവണ വോട്ട് ചെയ്തതായി കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. ഇത് കേന്ദ്രീകൃതമായി നടന്ന ഓപ്പറേഷന്‍ ആണെന്നും എട്ടു സീറ്റുകളില്‍ 22 മുതല്‍ നാലായിരം വരെ വോട്ടുകളുടെ വ്യത്യാസത്തിലാണ് ഫലം വന്നതെന്നും രാഹുല്‍ പറഞ്ഞു. ഒരു സ്ത്രീ 223 തവണ വരെ വോട്ട് ചെയ്തതായും ഒരേ ഫോട്ടോ ഉപയോഗിച്ചാണ് വോട്ട് ചെയ്തതെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.