സസാരം, ബിഹാര്‍: വോട്ട് മോഷണം ആരോപിച്ച് താന്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തന്നോട് മാത്രം സത്യവാങ്മൂലം ആവശ്യപ്പെട്ടത് എന്തിനെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി . എന്നാല്‍ ബിജെപി നേതാക്കള്‍ സമാനമായ ആരോപണങ്ങള്‍ ഉന്നയിച്ചപ്പോള്‍ അവരോട് കമ്മിഷന്‍ സത്യവാങ്മൂലം ആവശ്യപ്പെട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിഹാറിലെ സസാരത്തില്‍ ‘വോട്ടര്‍ അധികാര്‍ യാത്ര’യുടെ ഉദ്ഘാടനത്തിനിടെയാണ് രാഹുല്‍ ഗാന്ധി ഈ വിഷയം ഉന്നയിച്ചത്.
‘ഞാന്‍ വോട്ട് മോഷണത്തെക്കുറിച്ച് പത്രസമ്മേളനം നടത്തിയപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് സത്യവാങ്മൂലം ആവശ്യപ്പെട്ടു. എന്നാല്‍ ദിവസങ്ങള്‍ക്ക് മുമ്പ് ബിജെപി നേതാക്കള്‍ പത്രസമ്മേളനം നടത്തിയപ്പോള്‍ അവരോട് സത്യവാങ്മൂലം ആവശ്യപ്പെട്ടില്ല. ഡാറ്റ ശരിയാണെന്ന് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കമ്മീഷന്‍ പറയുന്നു. ഈ ഡാറ്റ തിരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. എന്നിട്ടും എന്നോട് എന്തിനാണ് സത്യവാങ്മൂലം ആവശ്യപ്പെടുന്നത്?’ രാഹുല്‍ ഗാന്ധി ചോദിച്ചു.
സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ 20-ലധികം ജില്ലകളിലൂടെ കടന്നുപോകുന്ന തന്റെ 1,300 കിലോമീറ്റര്‍ യാത്രയുടെ ഉദ്ഘാടന വേളയില്‍ ബിഹാറിലെ സസാരത്തില്‍ ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍, രാജ്യവ്യാപകമായി തിരഞ്ഞെടുപ്പുകളില്‍ കൃത്രിമം കാണിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് ആരോപിച്ചു.
‘വിവിധ സംസ്ഥാനങ്ങളില്‍ നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ അട്ടിമറിക്കപ്പെടുകയാണെന്ന് ഞാന്‍ ഈ വേദിയില്‍ നിന്ന് നിങ്ങളോട് പറയുന്നു. അവരുടെ ഏറ്റവും പുതിയ ഗൂഢാലോചന, ബിഹാറില്‍ സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടത്തി ഇവിടെയും തിരഞ്ഞെടുപ്പ് മോഷ്ടിക്കാനാണ്. ഇത് സംഭവിക്കില്ലെന്ന് ഉറപ്പാക്കാനാണ് ഞങ്ങള്‍ എല്ലാവരും ഒരുമിക്കുന്നത് ‘ അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര തിരഞ്ഞെടുപ്പില്‍ ക്രമക്കേടുകള്‍ ആരോപിച്ച്, ബിജെപി വിജയിച്ച പ്രദേശങ്ങളില്‍ ഏകദേശം ഒരു കോടി വോട്ടര്‍മാര്‍ പൊടുന്നനെ പ്രത്യക്ഷപ്പെട്ടതായി രാഹുല്‍ ആരോപിച്ചു. ‘പുതിയ വോട്ടര്‍മാര്‍ എത്തിയ എല്ലായിടത്തും ബിജെപി നേടി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിന്റെ വീഡിയോ തെളിവുകള്‍ കാണിച്ചിട്ടില്ല,’ രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാരെ വോട്ടവകാശത്തില്‍ നിന്ന് പുറത്താക്കാന്‍ സാധ്യതയുണ്ടെന്ന് ആരോപിച്ച് സ്‌പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്‌ഐആര്‍) നടപടിക്കെതിരെ കോണ്‍ഗ്രസ് പ്രതിഷേധം തുടരുകയാണ്. ഈ പ്രക്രിയ സൂക്ഷ്മമായി നിരീക്ഷിക്കുമെന്ന് രാഹുല്‍ ഗാന്ധി വാഗ്ദാനം ചെയ്തു. ‘വോട്ട് മോഷ്ടിക്കാന്‍ കമ്മിഷനും ബിജെപിയും ചേര്‍ന്നു നടത്തുന്ന ഏതൊരു ശ്രമവും ഞങ്ങള്‍ പിടികൂടുകയും തുറന്നുകാട്ടുകയും ചെയ്യും. രാജ്യത്തിന്റെ വിഭവങ്ങള്‍ ആറ് വ്യവസായികളുടെ മാത്രം പ്രയോജനത്തിനായി ചെലവഴിക്കുകയാണ്,’ അദ്ദേഹം പറഞ്ഞു.