VOTE CHORI PROTEST | രാഷ്ട്രീയമല്ല ഈ പോരാട്ടം , ഇത് ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടം ; ഒരു പൗരന് – ഒരു വോട്ട് എന്നതിനു വേണ്ടിയുള്ള പോരാട്ടം’വോട്ട് ചോരി’ പ്രതിഷേധിച്ച രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അഖിലേഷും ഉള്‍പ്പടെയുള്ള നേതാക്കളെല്ലാം പോലീസ് കസ്റ്റഡിയില്‍

Jaihind News Bureau
Monday, August 11, 2025

ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ ‘വോട്ട് ചോരി’ (വോട്ട് മോഷണം) എന്ന പേരില്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചിനിടെ നാടകീയ രംഗങ്ങള്‍. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നിവരുള്‍പ്പെടെ പ്രതിഷേധിച്ച എല്ലാ പ്രതിപക്ഷ എംപിമാരെയും ഡല്‍ഹി പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ രണ്ട് ബസുകളിലായാണ് നീക്കിയത്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആസ്ഥാനത്തേക്ക് മാര്‍ച്ച് നയിക്കുകയായിരുന്ന രാഹുല്‍ ഗാന്ധിയെയും മറ്റ് നേതാക്കളെയും പോലീസ് തടയുകയായിരുന്നു. ഇതോടെ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും നേതാക്കളെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

വോട്ട് മോഷണത്തിന്റെ സത്യം രാജ്യത്തിന് മുന്നില്‍ പുറത്തുവന്നിരിക്കുന്നു. ഈ പോരാട്ടം രാഷ്ട്രീയമല്ല, ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ്. ഇത് ഒരു പൗരന് – ഒരു വോട്ട് എന്നതിനു വേണ്ടിയുള്ള പോരാട്ടമാണ്, നമുക്ക് ശുദ്ധമായ ഒരു വോട്ടര്‍ പട്ടിക ആവശ്യമാണെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു.

പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൃത്യമായ മറുപടി നല്‍കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സത്യവാങ്മൂലവും മറ്റ് ഔപചാരികതകളും പാലിക്കാന്‍ നിര്‍ബന്ധിക്കുന്നതിന് പകരം കമ്മീഷന്‍ മറുപടി നല്‍കുകയാണ് വേണ്ടതെന്നും തരൂര്‍ ആവശ്യപ്പെട്ടു. ‘രാഹുല്‍ ഗാന്ധി ഉന്നയിച്ച ഗൗരവമേറിയ ചോദ്യങ്ങള്‍ക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ത് കൊണ്ട് കൃത്യമായ മറുപടി നല്‍കുന്നില്ല? ഉന്നയിക്കപ്പെട്ട ഡാറ്റയെല്ലാം തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വന്തം ഡാറ്റയാണ്,’ ശശി തരൂര്‍ ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു.

പ്രതിഷേധ മാര്‍ച്ചില്‍ രാഹുല്‍ ഗാന്ധിയെ കൂടാതെ ‘ഇന്ത്യ’ മുന്നണിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും എംപിമാരും പങ്കെടുത്തു. ജനാധിപത്യ പ്രക്രിയയെ തുരങ്കം വെച്ചുകൊണ്ട് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വോട്ടര്‍ പട്ടികയില്‍ കൃത്രിമം കാണിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ സഖ്യം ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ സുതാര്യമായ നടപടി സ്വീകരിക്കണമെന്നും വോട്ടര്‍ പട്ടികയുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിന് ശുദ്ധമായ വോട്ടര്‍ പട്ടിക അത്യന്താപേക്ഷിതമാണ്. തിരഞ്ഞെടുപ്പ് കമ്മീഷനോടുള്ള ഞങ്ങളുടെ ആവശ്യം വ്യക്തമാണ് – സുതാര്യത പുലര്‍ത്തുക, ഡിജിറ്റല്‍ വോട്ടര്‍ പട്ടികകള്‍ പുറത്തുവിടുക, അതുവഴി ജനങ്ങള്‍ക്കും പാര്‍ട്ടികള്‍ക്കും അത് പരിശോധിക്കാന്‍ കഴിയും,’ രാഹുല്‍ ഗാന്ധി ‘എക്‌സ്’ പ്ലാറ്റ്ഫോമില്‍ കുറിച്ചു. ‘ഈ പോരാട്ടം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാനാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രതിഷേധത്തിന് പൊതുജന പിന്തുണ തേടി കോണ്‍ഗ്രസ് ഞായറാഴ്ച ഓണ്‍ലൈന്‍ കാമ്പെയ്നും ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി votechori.in/ecdemand എന്ന വെബ് പോര്‍ട്ടലും 9650003420 എന്ന മിസ്ഡ് കോള്‍ നമ്പറും രാഹുല്‍ ഗാന്ധി പങ്കുവെച്ചു.

അതേസമയം, കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു വോട്ടര്‍ രണ്ട് തവണ വോട്ട് ചെയ്തു എന്ന രാഹുല്‍ ഗാന്ധിയുടെ അവകാശവാദത്തിന് തെളിവ് തേടി കര്‍ണാടകയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) അദ്ദേഹത്തിന് കത്തയച്ചിട്ടുണ്ട്.