സുപോള്‍, ബിഹാര്‍: ബിഹാറില്‍ രാഹുല്‍ഗാന്ധി നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രയില്‍ ആവേശം വിതറി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയും തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയും അണിചേര്‍ന്നു. സുപോളിലെ ഹുസൈന് ചൗക്കില്‍ വെച്ച് യാത്രയുടെ ഭാഗമായ നേതാക്കള്‍, തുറന്ന വാഹനത്തില്‍ ജനങ്ങളെ അഭിവാദ്യം ചെയ്തു. ഇന്‍ഡ്യ മുന്നണിയിലെ മറ്റ് മുതിര്‍ന്ന നേതാക്കളും യാത്രയില്‍ പങ്കാളികളായി. ആവേശോജ്വമായ ജനക്കൂട്ടമാണ് അവരെ സ്വാഗതം ചെയ്തത്.
ജനവിശ്വാസം നഷ്ടപ്പെട്ട ബിജെപി രാജ്യത്തുടനീളം വോട്ട് മോഷ്ടിക്കാന്‍ ഗൂഢാലോചന നടത്തുകയാണെന്ന് പ്രിയങ്ക ഗാന്ധി എക്സില്‍ കുറിച്ചു. വിലക്കയറ്റം, തൊഴിലില്ലായ്മ, കുടിയേറ്റം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി എല്ലാ മേഖലകളിലും പരാജയപ്പെട്ട ബിഹാറിലെ ബിജെപി-ജെഡിയു സര്‍ക്കാര്‍, ജനങ്ങളുടെ വോട്ട് മോഷ്ടിച്ച് അധികാരത്തില്‍ തുടരാന്‍ ആഗ്രഹിക്കുകയാണെന്നും പ്രിയങ്ക ആരോപിച്ചു. ദശലക്ഷക്കണക്കിന് പാവപ്പെട്ടവരുടെയും പൗരന്മാരുടെയും വോട്ടവകാശം കവര്‍ന്നെടുക്കുകയാണെന്നും, ഭരണഘടന നല്കുന്ന ഈ അവകാശം കവര്‍ന്നെടുക്കാന്‍ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.
വോട്ടുചെയ്യാനുള്ള അവകാശം സംരക്ഷിക്കാനുള്ള ഈ ‘ചരിത്രപരമായ പോരാട്ടത്തില്‍’ പങ്കെടുക്കാന്‍ അവസരം ലഭിച്ചതില്‍ തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡി നന്ദി രേഖപ്പെടുത്തി. രാജ്യത്തെ സ്വാതന്ത്ര്യത്തിലേക്ക് നയിക്കുകയും ജനാധിപത്യത്തിന് അടിത്തറയിടുകയും ചെയ്ത കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പാരമ്പര്യം അനുസ്മരിച്ച അദ്ദേഹം, ജാതി, മതം, വര്‍ഗം, ലിംഗം എന്നിവയുടെ വിവേചനമില്ലാതെ ഓരോ പൗരനും തുല്യമായ വോട്ടവകാശം നല്‍കിയത് കോണ്‍ഗ്രസാണെന്നും ആ അവകാശം വീണ്ടും ഉറപ്പാക്കുമെന്നും പ്രസ്താവിച്ചു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടി ഇന്ന് ആ അവകാശം സംരക്ഷിക്കാന്‍ മറ്റൊരു ചരിത്രപരമായ പോരാട്ടം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വോട്ടര്‍ പട്ടികയിലെ പ്രത്യേക പുതുക്കല്‍ (SIR) ‘ബിജെപിയെ സഹായിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തുന്ന സ്ഥാപനപരമായ വോട്ട് മോഷണ ശ്രമമാണ്’ എന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. ബിഹാറിലെ മഹാഗഡ്ബന്ധന് സഖ്യകക്ഷികളുടെ കൂട്ടായ പരിശ്രമം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഫലം കാണുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്‍ഡ്യ മുന്നണി ഉടന്‍ തന്നെ ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി ഒരു പൊതു പ്രകടന പത്രിക പുറത്തിറക്കുമെന്നും അദ്ദേഹം അറിയിച്ചു.
ഓഗസ്റ്റ് 17-ന് സസാരാമില്‍ നിന്ന് ആരംഭിച്ച 16 ദിവസത്തെ യാത്ര, 1300 കിലോമീറ്റര്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 1-ന് പട്നയിലെ റാലിയോടെ സമാപിക്കും. ഗയ, നവാഡ, ഷെയ്ഖ്പുര, മുംഗര്‍, കതിഹാര്‍, പൂര്‍ണിയ തുടങ്ങിയ ജില്ലകളിലൂടെ കടന്നുപോയ യാത്ര, വരും ദിവസങ്ങളില്‍ സീതാമര്‍ഹി, പശ്ചിമ ചമ്പാരന്‍, സരണ്‍, ഭോജ്പൂര്, പട്ന തുടങ്ങിയ ജില്ലകളിലും പര്യടനം നടത്തും.