VOTE CHORI | തിരഞ്ഞെടുപ്പ് കമ്മീഷന്‍ വെട്ടില്‍; പുതിയ ആരോപണങ്ങളുമായി കോണ്‍ഗ്രസ് ആക്രമണം രൂക്ഷമാക്കുന്നു

Jaihind News Bureau
Monday, August 18, 2025

ന്യൂഡല്‍ഹി: വോട്ടര്‍ പട്ടികയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെ, തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ കൂടുതല്‍ തെളിവുകളും ചോദ്യങ്ങളുമായി കോണ്‍ഗ്രസ് രംഗത്ത്. കമ്മീഷന്റെ പ്രസ്താവനകളിലെ ഇരട്ടത്താപ്പും ബിഹാറിലെ വോട്ടര്‍ പട്ടിക പുതുക്കലില്‍ (SIR) നടന്ന ഗുരുതരമായ തിരിമറികളും ചൂണ്ടിക്കാട്ടി എ.ഐ.സി.സി മീഡിയ & പബ്ലിസിറ്റി വിഭാഗം ചെയര്‍മാന്‍ പവന്‍ ഖേരയും എന്‍.എസ്.യു. ചുമതലയുള്ള കനയ്യ കുമാറും കമ്മീഷനെ പ്രതിരോധത്തിലാക്കുകയാണ്.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടുകളിലെ വൈരുധ്യം തുറന്നുകാട്ടിയാണ് പവന്‍ ഖേര ആഞ്ഞടിച്ചത്. വോട്ടെടുപ്പ് കേന്ദ്രങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ നല്‍കുന്നത് ‘അമ്മമാരുടെയും സഹോദരിമാരുടെയും സ്വകാര്യതയെ’ ബാധിക്കുമെന്നാണ് കമ്മീഷന്റെ വാദം. എങ്കില്‍, കോടിക്കണക്കിന് രൂപ ചെലവഴിച്ച് എന്തിനാണ് ഈ ക്യാമറകള്‍ സ്ഥാപിച്ചതെന്ന് പവന്‍ ഖേര ചോദിച്ചു. സുപ്രീം കോടതി ഉത്തരവ് പ്രകാരം മെഷീന്‍ റീഡബിള്‍ വോട്ടര്‍ പട്ടിക നല്‍കാനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. എന്നാല്‍, അതേ ദിവസം രാത്രി 7 മണിയോടെ, ബിഹാറിലെ 65 ലക്ഷം ആളുകളുടെ മെഷീന്‍ റീഡബിള്‍ പട്ടിക കമ്മീഷന്‍ തന്നെ തങ്ങളുടെ വെബ്‌സൈറ്റില്‍ പരസ്യമായി പ്രസിദ്ധീകരിച്ചു. സ്വകാര്യത നഷ്ടപ്പെടുമെന്ന് പറഞ്ഞ് നിഷേധിച്ച അതേ പട്ടികയാണ് മണിക്കൂറുകള്‍ക്കകം കമ്മീഷന്‍ പരസ്യമാക്കിയത്, ഇത് കമ്മീഷന്റെ ഇരട്ടത്താപ്പാണ് വെളിവാക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വയം കുരുക്കില്‍ പെട്ടിരിക്കുകയാണെന്ന് എന്‍.എസ്.യു.യുടെ ചുമതലയുള്ള കനയ്യ കുമാര്‍ ആരോപിച്ചു. വോട്ടര്‍ പട്ടികയില്‍ തെറ്റുകളുണ്ടെന്ന് ഇപ്പോള്‍ കമ്മീഷന്‍ തന്നെ സമ്മതിക്കുന്നു. മാസങ്ങള്‍ക്ക് മുന്‍പ് പട്ടികയില്‍ ഒരു തെറ്റുമില്ലെന്ന് വാദിച്ച കമ്മീഷന്‍ അന്ന് കള്ളം പറയുകയായിരുന്നുവെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രാഹുല്‍ ഗാന്ധി ഈ തെറ്റുകള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍, തെളിവുകള്‍ ആവശ്യപ്പെടുകയായിരുന്നു കമ്മീഷന്‍. എന്നാല്‍, ഇപ്പോള്‍ തെറ്റുകള്‍ സമ്മതിച്ച സാഹചര്യത്തില്‍, തിരഞ്ഞെടുപ്പ് കമ്മീഷനാണ് ആദ്യം രേഖകള്‍ കാണിക്കേണ്ടതെന്ന് കനയ്യ കുമാര്‍ ആവശ്യപ്പെട്ടു.

ബിഹാറിലെ പ്രത്യേക തീവ്ര വോട്ടര്‍ പട്ടിക പുതുക്കലില്‍ (SIR) വ്യാപകമായ തിരിമറി നടന്നു. ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ (BLOs) വീടുകളില്‍ പോയി ഫോമുകള്‍ പൂരിപ്പിക്കുന്നില്ല. പല ബൂത്തുകളിലും ജീവിച്ചിരിക്കുന്നവരുടെ പേരുകള്‍ വെട്ടിമാറ്റുകയും മരിച്ചവരുടെ പേരുകള്‍ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു.

രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ, പട്ടികയില്‍ നിന്ന് ഒഴിവാക്കിയവരുടെ ലിസ്റ്റില്‍ പേരുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, എപ്പിക് (EPIC) നമ്പര്‍ ഉണ്ടായിരുന്നില്ല. ഇക്കാര്യം സുപ്രീം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, വിവരങ്ങള്‍ ജനങ്ങളെ അറിയിക്കാന്‍ കോടതി ഉത്തരവിട്ടു. എന്നിട്ടും, സുപ്രീം കോടതി ഉത്തരവുണ്ടായിട്ടും ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ രേഖയായി സ്വീകരിക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. പകരം, താമസ സര്‍ട്ടിഫിക്കറ്റ് പോലുള്ള രേഖകള്‍ ആവശ്യപ്പെട്ട് വോട്ടര്‍മാരെ ദ്രോഹിച്ചുവെന്നും കനയ്യ കുമാര്‍ ആരോപിച്ചു.

ഈ പുതിയ ആരോപണങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ കൂടുതല്‍ ചോദ്യം ചെയ്യുന്നതാണ്. രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാന്‍ ശ്രമിച്ച കമ്മീഷന്‍, കോണ്‍ഗ്രസ് നേതാക്കളുടെ പുതിയ വെളിപ്പെടുത്തലുകളോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.