ന്യൂഡല്‍ഹി: ‘വോട്ട് മോഷണം’ ആരോപണത്തില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഒന്നുകില്‍ സത്യവാങ്മൂലം നല്‍കണം അല്ലെങ്കില്‍ മാപ്പ് പറയണം എന്ന നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ, കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. കമ്മീഷന്റെ ഈ നടപടി അവരുടെ ‘നഗ്നമായ പക്ഷപാതം’ തുറന്നുകാട്ടുന്നതാണെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആരോപിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന് നടത്തിയ വാര്‍ത്താ സമ്മേളനത്തിന് മറുപടിയായാണ് കോണ്‍ഗ്രസിന്റെ പ്രതികരണം. ‘വോട്ട് ചോരി’ (വോട്ട് മോഷണം) ആരോപണത്തില്‍ രാഹുല്‍ ഗാന്ധി ഏഴ് ദിവസത്തിനകം തെളിവുകള്‍ സഹിതം സത്യവാങ്മൂലം നല്‍കുകയോ അല്ലെങ്കില്‍ പരസ്യമായി മാപ്പ് പറയുകയോ ചെയ്യണമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഏഴ് ദിവസത്തിനകം സത്യവാങ്മൂലം ലഭിച്ചില്ലെങ്കില്‍, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ഞങ്ങള്‍ കണക്കാക്കും,’ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഗ്യാനേഷ് കുമാര്‍ വ്യക്തമാക്കി.
ഈ അന്ത്യശാസനത്തിനെതിരെ എക്സിലെ പോസ്റ്റിലൂടെ ജയറാം രമേശ് ആഞ്ഞടിച്ചു. പുതിയ ഈ തിരഞ്ഞെടുപ്പ് കമ്മീഷന് ആദ്യമായാണ് നേരിട്ട് സംസാരിക്കുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. ബീഹാറിലെ സസാരാമില്‍ നിന്ന് രാഹുല്‍ ഗാന്ധി ‘വോട്ടുര്‍ അധികാര്‍ യാത്ര’ ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് കമ്മീഷന് വാര്‍ത്താസമ്മേളനം നടത്തിയതെന്ന സമയക്രമം സംശയാസ്പദമാണെന്ന് ജയറാം രമേശ് ചൂണ്ടിക്കാട്ടി. ‘ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും ഒരുപോലെയാണ് കാണുന്നതെന്ന് പറഞ്ഞുകൊണ്ടാണ് സിഇസിയും മറ്റ് രണ്ട് കമ്മീഷണര്‍മാരും തുടങ്ങിയത്. ഇതിനെതിരായ വ്യക്തമായ തെളിവുകള്‍ മുന്നിലിരിക്കെ, ഇത്തരം വാദങ്ങള്‍ അങ്ങേയറ്റം ബാലിശമാണ്,’ രമേശ് പറഞ്ഞു.
രാഹുല്‍ ഗാന്ധി ഉന്നയിച്ച സുപ്രധാന ചോദ്യങ്ങള്‍ക്കൊന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമായ മറുപടി നല്‍കിയില്ലെന്നും അദ്ദേഹം വിശദീകരിച്ചു. വോട്ടര്‍ പട്ടികയിലെ തിരുത്തലുകളുടെ ഉത്തരവാദിത്തം രാഷ്ട്രീയ പാര്‍ട്ടികളുടെയും വ്യക്തികളുടെയും തലയില്‍ കെട്ടിവെക്കാനാണ് കമ്മീഷന് ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് കുറ്റപ്പെടുത്തി.
‘ഇപ്പോള്‍ പ്രസക്തമായ ഒരേയൊരു കാര്യം ഇതാണ്: ബീഹാറിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) പ്രക്രിയയെക്കുറിച്ചുള്ള 2025 ഓഗസ്റ്റ് 14-ലെ സുപ്രീം കോടതി വിധി തിരഞ്ഞെടുപ്പ് കമ്മീഷന് അതിന്റെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ നടപ്പാക്കുമോ? ഭരണഘടനാപരമായി അവര്‍ക്കതിന് ബാധ്യതയുണ്ട്. രാജ്യം അത് ഉറ്റുനോക്കുകയാണ്,’ ജയറാം രമേശ് വ്യക്തമാക്കി.
രാഹുല്‍ ഗാന്ധിക്ക് നേരെയുണ്ടായ ഭീഷണികളോട് പ്രതികരിച്ചുകൊണ്ട്, ലോക്സഭയിലെ പ്രതിപക്ഷ നേതാവ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ഡാറ്റ വെളിപ്പെടുത്തിയ വസ്തുതകള്‍ മാത്രമാണ് പറഞ്ഞതെന്ന് രമേശ് പ്രതിരോധിച്ചു. ‘തിരഞ്ഞെടുപ്പ് കമ്മീഷന് അവരുടെ കഴിവുകേടിന്റെ പേരില്‍ മാത്രമല്ല, നഗ്നമായ പക്ഷപാതത്തിന്റെ പേരിലും പൂര്‍ണ്ണമായും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.