സ്വയം ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളെ വിരട്ടുന്ന മുഖ്യമന്ത്രിയുടെ അവസ്ഥ പരിഹാസ്യവും പരിതാപകരവുമാണെന്ന് വി.എം. സുധീരന്‍

Jaihind News Bureau
Tuesday, November 3, 2020

VM-Sudheeran-Nov30

താൻ തന്നെ ക്ഷണിച്ചുവരുത്തിയ കേന്ദ്ര അന്വേഷണ ഏജൻസികളെ വിരട്ടുന്ന മുഖ്യമന്ത്രി പിണറായിയുടെ അവസ്ഥ പരിഹാസ്യവും പരിതാപകരവുമാണെന്ന് മുന്‍ കെ.പി.സി.സി അധ്യക്ഷന്‍ വി.എം. സുധീരന്‍. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി എന്ന അധികാരപദവി തീർത്തും ദുരുപയോഗപ്പെടുത്തി ശിവശങ്കർ നടത്തിയ ദുഷ്ചെയ്തികളിലേക്കുള്ള അന്വേഷണം തന്നിലേക്ക് എത്തുമെന്ന ഭയാശങ്കകളുടെ പ്രതിഫലനമായിട്ടേ കേന്ദ്ര ഏജൻസികൾക്കെതിരെയുള്ള മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ പ്രതികരണത്തെ കാണാനാകൂ.

മുഖ്യമന്ത്രി, പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനു നൽകിയ അതിരുവിട്ട സ്വാതന്ത്ര്യവും അന്ധമായ പിന്തുണയും ദുർവിനിയോഗം ചെയ്ത് ശിവശങ്കർ നടത്തിയ ‘വിളയാട്ടത്തെ’ കുറിച്ച് അജ്ഞത നടിക്കുന്ന മുഖ്യമന്ത്രി കേരളം കണ്ട ഏറ്റവും പരാജിതനായ ഭരണാധികാരിയാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിപദത്തിൽ അദ്ദേഹം തുടരുന്നത് ജനാധിപത്യ കേരളത്തിന് അപമാനകരമാണ്. അധികാരത്തിൽ കടിച്ചുതൂങ്ങാൻ ശ്രമിക്കുംതോറും പിണറായിയുടെ നില കൂടുതൽ കൂടുതൽ പരുങ്ങലിലാകുമെന്ന് തീർച്ചയാണെന്നും വി.എം. സുധീരന്‍ പറഞ്ഞു.