ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നടപടികളില്‍ നിന്നും മുഖ്യമന്ത്രി പിന്തിരിയണം: വി.എം സുധീരന്‍

Jaihind News Bureau
Saturday, April 18, 2020

VM-Sudheeran-Nov30

 

ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നടപടികളില്‍ നിന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പിന്തിരിയണമെന്ന് കോണ്‍ഗ്രസ് നേതാവ്  വി.എം.സുധീരന്‍. ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കേണ്ട മുഖ്യമന്ത്രി തന്നെ ഭിന്നിപ്പിന് കളമൊരുക്കിയെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

സ്പ്രിങ്ക്ളറില്‍  മുഖ്യമന്ത്രിയുടെയും വകുപ്പു സെക്രട്ടറിയുടെയും ന്യായീകരണങ്ങള്‍ക്ക് തെല്ലും വിശ്വാസ്യതയില്ല.
ഒന്നിച്ചുനില്‍ക്കേണ്ട ജനങ്ങളുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്തുകയാണ് മാന്യമായ നടപടി. അതിനു പകരം വീഴ്ചകളും തെറ്റുകളും മറച്ചു വയ്ക്കുന്നതിനും കള്ളക്കളികള്‍ നടത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചിരിക്കകയാണ്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ തട്ടിക്കൂട്ടിയ സ്പ്രിങ്ക്ളര്‍ കരാര്‍ എത്രയും പെട്ടെന്ന് റദ്ദാക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം

മഹാവിപത്തായ കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തികച്ചും മാതൃകാപരമായ പ്രവര്‍ത്തനങ്ങളാണ് കേരളം നടത്തി വരുന്നത്. രോഗികളെ കുറച്ചു കൊണ്ടു വരാനും രോഗവിമുക്തരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും കേരളത്തിനായത് വലിയ നേട്ടം തന്നെയാണ്.

സംസ്ഥാന സര്‍ക്കാരും കേരളീയ സമൂഹവും വിയോജിപ്പുകള്‍ക്കതീതമായി സര്‍വ്വതലത്തിലും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചതുകൊണ്ടാണ് ഇതെല്ലാം കൈവരിക്കാനായത്.

നിര്‍ഭാഗ്യവശാല്‍ കൊറോണയെ കീഴ്പ്പെടുത്തുന്നതിനായി രൂപപ്പെട്ടുവന്ന ജനകീയ ഐക്യത്തിന് വിള്ളലുണ്ടാക്കുന്ന നിര്‍ഭാഗ്യകരമായ സാഹചര്യമാണ് ഇപ്പോള്‍ വളര്‍ന്നുവരുന്നത്. ജനങ്ങളെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതിന് നേതൃത്വപരമായ പങ്കുവഹിക്കേണ്ട ബഹു. മുഖ്യമന്ത്രി തന്നെയാണ് ഈ ഭിന്നിപ്പിന് കളമൊരുക്കിയതെന്നത് പറയാതിരിക്കാനാവില്ല.

മാധ്യമപ്രവര്‍ത്തകനായ കെ.എം.ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുത്ത തെറ്റായ സര്‍ക്കാര്‍ നടപടി വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. ഒറ്റക്കെട്ടായി കൊറോണയെ പ്രതിരോധിക്കുന്ന ജനങ്ങള്‍ക്ക് ഇപ്പോഴും ഉള്‍ക്കൊള്ളാനാവാത്ത ഒരു നടപടിയായിരുന്നു അത്.

മരുന്നിനു പകരം മദ്യം നല്‍കാനുള്ള തീര്‍ത്തും പരിഹാസ്യമായ സര്‍ക്കാര്‍ ഉത്തരവിനെതിരെ ഉയര്‍ന്നുവന്ന ജനവികാരവും തുര്‍ന്നുള്ള ഹൈക്കോടതി ഉത്തരവും സര്‍ക്കാരിന് വലിയ തിരിച്ചടിയായത് ഇന്നും എല്ലാവരുടെയും മനസ്സിലുണ്ട്. ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ തുറക്കാനുള്ള ബഹു. മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ വെപ്രാളവും വേവലാതിയും ജനങ്ങള്‍ക്കു മുന്നില്‍ അദ്ദേഹത്തെ അപഹാസ്യനാക്കുന്ന അവസ്ഥയിലേയ്ക്കെത്തിച്ചതും ഏവരും കണ്ടതാണ്.

ചട്ടങ്ങളും നടപടിക്രമങ്ങളും പാലിക്കാതെ തിരക്കിട്ട് ഇതിനിടയില്‍ക്കൊണ്ടുവന്ന സ്പ്രിംക്ലര്‍ കരാര്‍ സര്‍ക്കാരിന് മങ്ങലേല്‍പ്പിച്ചു. ബഹു. മുഖ്യമന്ത്രിയുടെയും വകുപ്പുസെക്രട്ടറിയുടെയും ന്യായീകരണങ്ങള്‍ക്ക് തെല്ലും വിശ്വാസ്യതയില്ല.
ഒന്നിച്ചുനില്‍ക്കേണ്ട ജനങ്ങളുടെ മനസ്സില്‍ പോറലേല്‍പ്പിക്കുന്ന നടപടികളാണ് മുഖ്യമന്ത്രിയുടെഭാഗത്തുനിന്നും ഉണ്ടാകുന്നത്.

സര്‍ക്കാരിന്റെഭാഗത്തുനിന്നുണ്ടാകുന്ന തെറ്റുകളും വീഴ്ചകളും ചൂണ്ടിക്കാണിച്ചാല്‍ അതു തിരുത്തുകയാണ് മാന്യമായ നടപടി. അതിനു പകരം വീഴ്ചകളും തെറ്റുകളും മറച്ചു വയ്ക്കുന്നതിനും കള്ളക്കളികള്‍ നടത്തുന്നതിനുമുള്ള സര്‍ക്കാരിന്റെ ശ്രമം ഇതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ ആഴം വര്‍ദ്ധിപ്പിച്ചിരിക്കകയാണ്. ഇനിയും നീട്ടിക്കൊണ്ടുപോകാതെ തട്ടിക്കൂട്ടിയ സ്പ്രിംക്ലര്‍ കരാര്‍ എത്രയും പെട്ടെന്ന് റദ്ദാക്കുകയാണ് വേണ്ടത്.

കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വൈകിട്ട് നടത്തി വന്നിരുന്ന മാധ്യമ കൂടിക്കാഴ്ച വളരെയേറെ ശ്രദ്ധേയമായിരുന്നു. സംസ്ഥാനത്തെ അതാത് ദിവസത്തെ സ്ഥിതിഗതികള്‍ ജനങ്ങളെ അറിയിക്കുന്ന സുതാര്യമായ ആ നടപടിയുടെ പ്രാധാന്യവും പ്രസക്തിയും ഏവരും അംഗീകരിക്കുന്നതാണ്. നിര്‍ഭാഗ്യമെന്നു പറയട്ടെ ആ ഉദാത്തമായ വേദി സങ്കുചിത രാഷ്ട്രീയപ്രചരണത്തിന് ബഹു.മുഖ്യന്ത്രി ദുരുപയോഗപ്പെടുത്തിയത് വലിയ തിരിച്ചടിയായി.

ഏറ്റവുമൊടുവിലായി കെ.എം.ഷാജിയുടെ മുഖപുസ്തകത്തിലെ കുറിപ്പ് വായിച്ച് മുഖ്യമന്ത്രി നടത്തിയ പരാമര്‍ശം ഏറെ വിമര്‍ശനവിധേയമായി. അതോടെ മുഖ്യമന്ത്രിയുടെ ദിവസേനയുള്ള വാര്‍ത്താസമ്മേളനങ്ങള്‍ ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിക്കുതന്നെ പറയേണ്ടിവരികയും ചെയ്തു.

ഷുഹൈബ്, കൃപേഷ്, ശരത് ലാല്‍ എന്നീ യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സി.ബി.ഐ. അന്വേഷണത്തില്‍ നിന്നും രക്ഷിച്ചെടുക്കാന്‍ രണ്ടുകോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍നിന്നും ദുര്‍വ്യയം ചെയ്തതിനെയാണ് ഷാജി വിമര്‍ശിച്ചത്. ഏത് കണക്കിലാണ് പണം ചെലവാക്കിയത് എന്നതല്ല പ്രശ്നം. സര്‍ക്കാര്‍ ഖജനാവില്‍നിന്നും ഇത്തരത്തില്‍ പണം ദുരുപയോഗം ചെയ്തതിലെ അനൗചിത്യവും അധികാര ദുര്‍വിനിയോഗവുമാണ് വിമര്‍ശനവിധേയമായിട്ടുള്ളത്.

മുഖ്യമന്ത്രിയുടെ തെറ്റായ നടപടികളെ വിമര്‍ശിച്ച ഷാജിയ്ക്കെതിരെ ഇപ്പോള്‍ വിജലന്‍സ് കേസ്സും വന്നിരിക്കുന്നു. ഇത് തികച്ചും പ്രതികാര നടപടിയാണെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്.

കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉയര്‍ന്നുവന്ന സമാനതകളില്ലാത്ത ജനകീയഐക്യത്തിന് കരിനിഴല്‍ വീഴ്ത്തിയത് മുഖ്യമന്ത്രിയുടെ ഭാഗത്തു നിന്നുണ്ടായ തെറ്റായ നടപടിയാണെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. അനവസരത്തില്‍ സങ്കുചിത രാഷ്ട്രീയം കളിച്ച് ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുകയും ജനകീയ കൂട്ടായ്മയ്ക്ക് വിള്ളലുണ്ടാക്കുകയും ചെയ്ത മുഖ്യമന്ത്രിയുടെ നടപടി മാപ്പര്‍ഹിക്കാത്തതാണ്.

ഇനിയെങ്കിലും തെറ്റായ പാതയില്‍നിന്നും പിന്തിരിയാന്‍ മുഖ്യമന്ത്രി തയ്യാറാകണം. രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്ന നടപടികള്‍ അവസാനിപ്പിക്കണം. തെറ്റുതിരുത്തണം. അതുവഴി ജനകീയ ഐക്യത്തിന് മുഖ്യമന്ത്രിയേല്‍പ്പിച്ച ക്ഷതത്തിന് പരിഹാരനടപടികള്‍ സ്വീകരിക്കണം.

അതീവ ഗുരുതരമായ ഈ സന്ദര്‍ഭത്തിന്റെ ഗൗരവത്തിനനുസരിച്ച് ഉയര്‍ന്നു പ്രവര്‍ത്തിക്കാന്‍ ഇനിയെങ്കിലും തയ്യാറായില്ലെങ്കില്‍ അതിനു വലിയ വിലയാണ് മുഖ്യമന്ത്രിക്ക് നല്‍കേണ്ടിവരുക.