ജനദ്രോഹത്തില്‍ മോദിയും പിണറായിയും മത്സരിക്കുന്നു; രാജ്യത്തിന്‍റെ നിലനില്‍പ്പ് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ്: വി.എം സുധീരന്‍

 

മണലൂര്‍: ആരാണ് ജനങ്ങളെ ഏറ്റവും കൂടുതല്‍ ഉപദ്രവിക്കുന്നത് എന്ന കാര്യത്തില്‍ മോദിയും പിണറായിയും മത്സരിക്കുകയാണെന്ന് കെപിസിസി മുന്‍ പ്രസിഡന്‍റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ. മുരളീധരന്‍റെ മണലൂര്‍ മണ്ഡല പര്യടന ഉദ്ഘാടനം വാടാനപ്പള്ളി സെന്‍ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യാ രാജ്യം നിലനില്‍ക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന സന്ദര്‍ഭമാണിത്. മഹത്തായ സ്വാതന്ത്ര്യത്തെ തള്ളിപ്പറയുകയാണ്. പാര്‍ലമെന്‍ററി ജനാധിപത്യത്തിന് അപമാനം വരുത്തിവെച്ചിരിക്കുന്നു. കേരളത്തിലേക്ക് വരുന്ന മോദിയോട് ഒരു കാര്യമേ പറയാനുള്ളു. കേരളത്തില്‍ നിരങ്ങുന്ന മോദി മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ അവിടേക്ക് തിരിഞ്ഞുനോക്കാത്തയാളാണ്. ഭരണഘടനയുടെ അടിസ്ഥാന നയങ്ങള്‍ തകര്‍ത്തുകൊണ്ട് പൗരത്വ ഭേദഗതിയുമായി മതാടിസ്ഥാനത്തില്‍ ജനങ്ങളെ ഭിന്നിപ്പിക്കുന്ന നടപടിയുമായി പോകുമ്പോള്‍ അവരെ പരാജയപ്പെടുത്തണം. മോദി പറഞ്ഞ ഏതെങ്കിലും ഗ്യാരന്‍റി ഇന്നുവരെ നടപ്പാക്കിയോ എന്ന് അദ്ദേഹം ചോദിച്ചു.

വിദേശത്തുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്നായിരുന്നു പറഞ്ഞത്. എന്നാല്‍ കള്ളപ്പണത്തിന്‍റെ തോത് ഇരട്ടിയായി എന്നതാണ് വാസ്തവം. പണപ്പെരുപ്പവും വിലക്കയറ്റവും തടയുമെന്ന് പറയുന്നു. പെട്രോള്‍ ഡീസല്‍ വില അനുദിനം കൂടിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ വിലക്കയറ്റത്തിലേക്ക് തള്ളിവിടുകയാണ്. കേരളത്തിലും അതേ അവസ്ഥയാണ്. വിലക്കയറ്റം കൊണ്ട് ജനം വീര്‍പ്പുമുട്ടിയിരിക്കുകയാണ്. പൊതുവിതരണ സമ്പ്രദായം ആകെ തകര്‍ത്തു. മോദി രാജ്യത്തിന്‍റെ സാമ്പത്തിക അടിത്തറ നശിപ്പിക്കുമ്പോള്‍ പിണറായി വിലക്കയറ്റം ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെ രാജ്യത്ത് അതിക്രമം വര്‍ധിക്കുകയാണ്. ദാരിദ്ര്യം അവസാനിപ്പിക്കുമെന്നായിരുന്നു മോദിയുടെ ഗ്യാരന്‍റി. എന്നാല്‍ ലോകത്തിലെ ഏറ്റവും ദരിദ്ര രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറി. വര്‍ഗീയതയും വെറുപ്പും വളര്‍ത്തി ജനങ്ങളെ ഭിന്നിപ്പിക്കുകയാണ് ചെയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment