കേന്ദ്രത്തിന്‍റേത് ചരിത്ര നിഷേധം ; നിന്ദ്യവും നീചവുമായ നീക്കത്തിൽ നിന്നും അധികാരികൾ പിന്തിരിയണം : വി.എം സുധീരൻ

Tuesday, August 24, 2021

തിരുവനന്തപുരം : മലബാർ സമരത്തിന് നേതൃത്വം നൽകിയ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലിമുസല്യാർ എന്നിവരുൾപ്പെടെ 387 പേരെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയിൽ നിന്നും ഒഴിവാക്കാൻ മോദി ഭരണത്തിൻകീഴിൽ നടക്കുന്ന കുത്സിത നീക്കം അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം സുധീരന്‍.

മഹത്തായ സ്വാതന്ത്ര്യ സമരത്തെയും അതിന് സമാനതകളില്ലാത്ത നേതൃത്വം നൽകിയ ഗാന്ധിജിയെയും നെഹ്റുവിനെയും മറ്റ് ദേശീയ നേതാക്കളെയും തമസ്കരിക്കാനും ഗാന്ധി ഘാതകനായ ഗോഡ്സെയെ മഹത്വവൽക്കരിക്കാനും സംഘപരിവാർ ശക്തികൾ നടത്തിവരുന്ന സംഘടിത ശ്രമങ്ങളുടെ തുടർച്ചയാണിത്. സർവ്വതലത്തിലും പരാജയപ്പെട്ട്‌ ജനമനസ്സിൽ പ്രതിക്കൂട്ടിലായ മോദി ഭരണകൂടത്തിന്‍റെ ജനദ്രോഹ നടപടികളിൽ നിന്നും ജനശ്രദ്ധ തിരിക്കാനുള്ള കുതന്ത്രം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

ചരിത്രത്തെ നിഷേധിച്ചും തങ്ങളുടെ താൽപര്യപ്രകാരം വളച്ചൊടിച്ചും കേന്ദ്രസർക്കാരിൻ്റെ തണലിൽ ആസൂത്രണം ചെയ്തിട്ടുള്ള ഈ നിന്ദ്യവും നീചവുമായ നീക്കത്തിൽ നിന്നും വർഗീയശക്തികളുടെ പിണിയാളുകളായി പ്രവർത്തിക്കുന്ന അധികാരികൾ എത്രയും പെട്ടെന്ന് പിന്തിരിയുന്നതാണ് ഉചിതമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.