ചെർപ്പുളശ്ശേരിയുടെ ഹൃദയത്തിൽ തൊട്ട് ശ്രീകണ്ഠൻ; ആവേശ്വോജ്ജ്വല സ്വീകരണം

Jaihind Webdesk
Wednesday, April 17, 2024

പാലക്കാട്‌ : സ്നേഹോഷ്മളമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങിയാണ് പാലക്കാട്‌ ലോക്സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി. കെ ശ്രീകണ്ഠന്‍റെ പര്യടനം മുന്നേറുന്നത്. ചെർപ്പുളശ്ശേരി മണ്ഡലത്തിൽ നടന്ന പര്യടനവും വോട്ടർമാർക്കിടയിലും പ്രവർത്തകർക്കിടയിലും ആവേശമായി മാറി. രാവിലെ വെള്ളിനേഴി പഞ്ചായത്തിലെ തിരുവാഴിയോട് സെന്‍ററിൽ നിന്ന് ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം ഉച്ചയോടെ ചെർപ്പുളശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉങ്ങുംത്തറയിൽ സമാപിച്ചു.

ചെർപ്പുളശ്ശേരി നഗരസഭ, പഞ്ചായത്തുകളായ വെള്ളിനേഴി, തിരുവേഗപ്പുറ, നെല്ലായ എന്നിവടങ്ങൾ കേന്ദ്രീകരിച്ചായിരുന്നു പര്യടനം നടന്നത്. ഓരോ കേന്ദ്രങ്ങളിലും കുട്ടികളും, സ്ത്രീകളും ഉൾപ്പെടെയുള്ളവരുടെ സ്നേഹോഷ്മളമായ സ്വീകരണം ഏറ്റുവാങ്ങിയാണ് സ്ഥാനാർത്ഥി മടങ്ങിയത്. കനത്ത ചൂട് ആയതിനാൽ പല കേന്ദ്രങ്ങളിലും കരിക്ക്, വിവിധ പാനീയങ്ങളും, വെള്ളവും നൽകി പ്രവർത്തകരും വോട്ടർമാരും സ്ഥാനാർത്ഥിയോട് കരുതൽ കാണിച്ചു. പടക്കം പൊട്ടിച്ചും വാദ്യ അകമ്പടിയോടെയും സ്ഥാനാർത്ഥിയെ വരവേറ്റു.  വൈകീട്ട് നെല്ലായ പഞ്ചായത്തിലെ പുലാക്കോടിൽ നിന്ന് ആരംഭിച്ച പര്യടനം 17 കേന്ദ്രങ്ങളിൽ സ്വീകരണത്തിന് ശേഷം മാങ്ങോട്ടിൽ സമാപിച്ചു.