വാളയാറില്‍ കുടുങ്ങികിടന്നവര്‍ക്ക് സഹായഹസ്തവുമായി വി.കെ ശ്രീകണ്ഠന്‍ എം.പി; ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കി

Jaihind News Bureau
Saturday, May 9, 2020

വാളയാറില്‍ കുടുങ്ങിയ മലയാളികള്‍ക്കായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ സഹായഹസ്തം. എം.പിയുടെ നേതൃത്വത്തില്‍ കുടിങ്ങികിടന്നവര്‍ക്ക് ഭക്ഷണവും വെള്ളവും എത്തിച്ചുനല്‍കി. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം   ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാളയാർ വഴി കേരളത്തിലേക്ക് എത്തിയവർ ഇപ്പോഴും അതിർത്തിയിൽ കുടുങ്ങി കിടക്കുകയാണ്. നൂറുകണക്കിനാളുകളാണ് അതിർത്തിയിൽ രാവിലെ മുതൽ കേരളത്തിലേക്ക് കടക്കാനാകാതെ തടഞ്ഞിരിക്കുന്നത്. രജിസ്‌ട്രേഷൻ ചെയ്ത് പാസ് ലഭിക്കാത്തതിനാലാണ് പൊലീസ് ആളുകളെ കടത്തി വിടാത്തത്. എംപിമാരായ വി. കെ ശ്രീകണ്ഠൻ, ടി. എൻ പ്രതാപൻ, രമ്യാ ഹരിദാസ്, എംഎൽഎമാരായ ഷാഫി പറമ്പിൽ, അനിൽ അക്കര എന്നിവർ വാളയാറിൽ എത്തി സ്ഥിതിഗതികൾ വിലയിരുത്തി.

യാത്രാ പാസിന്റെ പേരിൽ കേരളത്തിലേക്ക് മടങ്ങുന്നവരെ  വലയ്ക്കുന്ന സർക്കാർ സമീപനത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.  എം പിമാരായ ടി.എൻ പ്രതാപൻ, രമ്യ ഹരിദാസ്, അനിൽ അക്കര എംഎൽഎ എന്നിവർ തൃശൂര്‍ കളക്ടറേറ്റിന് മുന്നിൽ കുത്തിയിരുപ്പ് സമരം നടത്തിയിരുന്നു. പ്രശ്നപരിഹാരത്തിനായി ഇടപെടാം എന്ന കളക്ടറുടെ ഉറപ്പിൻ മേൽ പിന്നീട് സമരം അവസാനിപ്പിച്ചു.