വിഴിഞ്ഞത്ത് സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീന്‍ അതിരൂപത; സമരം ശക്തമായി മുന്നോട്ടുകൊണ്ടുപോകാന്‍ തീരുമാനം

Jaihind Webdesk
Sunday, September 4, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിൽ സർക്കാർ നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ലത്തീൻ അതിരൂപത. തുറമുഖ നിർമാണം 80 ശതമാനം പൂർത്തിയായെന്ന സർക്കാർ വാദം കള്ളമാണ്. 30 ശതമാനം പോലും പൂർത്തിയായിട്ടില്ല. ഹൈക്കോടതിയുടെ ഇടക്കാലവിധി ഒരുഭാഗത്തിന്‍റെ വാദം മാത്രം കേട്ടാണ്. സർക്കാർ അതിന് കൂട്ടുനിന്നുവെന്നും ആർച്ച് ബിഷപ് ഡോ. തോമസ് ജെ നെറ്റോ വിശ്വാസികൾക്ക് അയച്ച സർക്കുലറിൽ വിമർശിക്കുന്നു.

5,500 രൂപയ്ക്ക് വീട് കിട്ടില്ല, വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ അനുവദിച്ച വാടകത്തുക അപര്യാപ്തമാണെന്ന് സർക്കുലർ ചൂണ്ടിക്കാട്ടുന്നു. പലവട്ടം ചർച്ചകൾ നടത്തിയെങ്കിലും അധികാരികളിൽനിന്ന് കൃത്യമായ മറുപടി കിട്ടിയില്ല. തുറമുഖ കരാറുകാരോട് ചേർന്ന് മത്സ്യത്തൊഴിലാളികൾക്കെതിരെ സർക്കാർ കോടതിയിൽ മൊഴി നൽകുകയാണ് ചെയ്തത്. ഏഴിന ആവശ്യങ്ങൾ നേടിയെടുക്കുംവരെ സമരം ശക്തമായി മുന്നോട്ടു കൊണ്ടുപോകണമെന്നും സര്‍ക്കുലർ ആഹ്വാനം ചെയ്യുന്നു.

വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെ സമരം 20 ദിവസം പിന്നിടുമ്പോഴും സർക്കാരിന്‍റെ ഭാഗത്തുനിന്ന് അനുകൂല സമീപനം ഉണ്ടാകാത്തതില്‍ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. നാളെ തുറമുഖ കവാടത്തിൽ ഡോ. തോമസ് ജെ നെറ്റോ, ഡോ. എം സൂസപാക്യം എന്നിവരുടെ നേതൃത്വത്തിൽ ഉപവാസത്തിനൊരുങ്ങുകയാണ് സമരസമിതി. ഇത് ഒഴിവാക്കാന്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.