വിഴിഞ്ഞം പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞ്: വിഴിഞ്ഞം തുറമുഖമെന്നു പറഞ്ഞാല്‍ ജനങ്ങളുടെ മനസിലെത്തുന്നത് ഉമ്മന്‍ചാണ്ടിയുടെ മുഖം; വി. ഡി. സതീശന്‍

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി യുഡിഎഫിന്‍റെ കുഞ്ഞാണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യയമാണ് പദ്ധതി കൊണ്ടുവരാൻ സഹായകമായത്. പിണറായി വിജയൻ സർക്കാർ നിയമിച്ച കമ്മീഷൻ ഉമ്മൻചാണ്ടിക്ക് ക്ലീൻ ചീറ്റ് നൽകിയെന്നും സതീശൻ വ്യക്തമാക്കി. പ്രതിപക്ഷത്തെ മനപ്പൂർവ്വം മാറ്റിനിർത്തിയത് സർക്കാരിന്‍റെ ഔചിത്യമാണ്. പ്രതിപക്ഷത്തെ വിളിച്ചാൽ ക്രെഡിറ്റ് കൊടുക്കേണ്ടി വരുമെന്നുള്ളതിനെ സർക്കാർ ഭയക്കുകയാണ്. പദ്ധതി അഴിമതി എന്ന് പറഞ്ഞത് ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയനാണെന്നും സതീശൻ വിമർശിച്ചു.

വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാക്കുമെന്ന് പറഞ്ഞ മുഖ്യമന്ത്രിയായിരുന്നു ഉമ്മന്‍ചാണ്ടി. പദ്ധതിയുടെ സ്ഥലം ഏറ്റെടുപ്പും ടെന്‍ഡറിംഗും ഉള്‍പ്പെടെ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിയത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ്. പദ്ധതി യാഥാര്‍ത്ഥ്യമാകുമ്പോള്‍ എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ഇരകളാകുന്ന മത്സ്യത്തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ 473 കോടിയുടെ പദ്ധതി ഉണ്ടാക്കി ഉത്തരവ് ഇറക്കിയതും ഉമ്മന്‍ചാണ്ടി സര്‍ക്കാരായിരുന്നു. എന്നിട്ട് അതില്‍ ഒരു രൂപപോലും ഇവര്‍ ചെലവഴിച്ചിട്ടില്ല. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി നിര്‍മ്മാണ പ്രവര്‍ത്തനം ആരംഭിച്ചപ്പോഴാണ് 6000 കോടിയുടെ റിയല്‍ എസ്‌റ്റേറ്റ് ഇടപാടാണെന്ന് പിണറായി വിജയന്‍ പറഞ്ഞത്. അന്ന് ആ പദ്ധതിയെ തടസപ്പെടുത്താനാണ് പിണറായി വിജയന്‍ ശ്രമിച്ചതെന്നും വി. ഡി. സതീശന്‍ കുറ്റപ്പെടുത്തി.

 

Comments (0)
Add Comment