വിഴിഞ്ഞം തുറമുഖം ഉമ്മൻ ചാണ്ടിയുടെ നിശ്ചയദാർഢ്യം, അദ്ദേഹത്തിന്‍റെ പേരു നല്‍കണം: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, October 14, 2023

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ പേര് നൽകണമെന്ന് കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗം രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമാണ് വിഴിഞ്ഞം തുറമുഖത്തിന് പിന്നില്‍. വിവിധ ആവശ്യങ്ങളുന്നയിച്ച് മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മത്സ്യത്തൊഴിലാളി സമുദായംഗങ്ങളുടെ സാമൂഹ്യ – സാമ്പത്തിക – തൊഴിൽ – വിദ്യാഭ്യാസ മേഖലകളിലെ പിന്നാക്കാവസ്ഥ പഠിച്ച് പരിഹാരം നിർദ്ദേശിക്കുന്നതിന് കമ്മീഷനെ നിയമിക്കുക, മുതലപ്പൊഴിയിലെ മനുഷ്യക്കുരുതികൾക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കും ഇടതുപക്ഷ മന്ത്രിമാർക്കുമെതിരെ കേസ് എടുക്കുക തീരസംരക്ഷണത്തിന് ടെട്രാപോഡുകൾ ഉപയോഗിച്ച് കടൽഭിത്തി നിർമ്മിക്കുക, വിഴിഞ്ഞം സമരത്തിന്‍റെ പേരിൽ മതപുരോഹിതർക്കും മത്സ്യതൊഴിലാളികൾക്കും എതിരെ എടുത്ത കേസുകൾ പിൻവലിക്കുക, നീല മണ്ണെണ്ണ വിതരണം പുനഃസ്ഥാപിക്കുക തുടങ്ങിയ 25 ഇന അവകാശ പത്രിക അംഗീകരിക്കണം എന്നാവശ്യപ്പെട്ടുകൊണ്ടാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് മാർച്ചും ധർണ്ണയും നടത്തിയത്.

അദാനിക്ക് പൂര്‍ണ്ണമായും കീഴടങ്ങിക്കൊണ്ടാണ് വിഴിഞ്ഞം പദ്ധതിയില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയതെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തിലെ പരമ്പരാഗത മത്സ്യമേഖലയെയും തീരദേശ വാസികളെയും പരിപൂർണ്ണമായും വഞ്ചിക്കുകയും യുഡിഎഫ് സർക്കാർ നടപ്പിൽ വരുത്തിയ ഭവന പദ്ധതികൾ ഉൾപ്പെടെയുള്ള എല്ലാ ക്ഷേമ പദ്ധതികളും അട്ടിമറിക്കുകയും നിർത്തലാക്കുകയും ചെയ്ത പിണറായി സർക്കാരിനെതിരെ സന്ധിയില്ലാ സമരത്തിന് കേരളം കാത്തിരിക്കുകയാണെന്നും രമേശ് ചെന്നിത്തല ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളി കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് പി. അശോകൻ അധ്യക്ഷത വഹിച്ചു. ദേശീയ ചെയർമാൻ ആംസ്ട്രോംഗ് ഫെർണാണ്ടോ, ഡിസിസി പ്രസിഡന്‍റ് പാലോട് രവി, കെപിസിസി ജനറൽ സെക്രട്ടറി എം.ജെ. ജോബ്, ടി. ശരത്ചന്ദ്രപ്രസാദ്‌, അഡോൾഫ് ജി. മൊറൈസ്, പൊഴിയൂർ ജോൺസൻ, പി. പ്രഭാകരൻ, മുനമ്പം സന്തോഷ്, പൂന്തുറ ജെയ്സൺ, പനത്തുറ പുരുഷോത്തമൻ, എം.പി. അഷറഫ്, ഹെന്‍ററി വിൻസെന്‍റ് തുടങ്ങിയവർ പ്രസംഗിച്ചു.