ഒക്ടോബര്‍ 15ന് വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പല്‍ ചൈനയില്‍ നിന്നെത്തുമ്പോള്‍ അതുകാണാന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഉമ്മന്‍ചാണ്ടിയുണ്ടാകില്ല. ഓരോ തറക്കല്ലിന് മുകളിലും പുതിയൊരു കല്ല് വന്നതായിരുന്നു 2015 വരെ വിഴിഞ്ഞം തുറമുഖത്തിന് പിന്നിലെ ചരിത്രം. ടെന്‍ഡറും ബിഡും കരാറുമെല്ലാം പല തലങ്ങളില്‍ ചര്‍ച്ചയായതിനപ്പുറം ഒരിഞ്ച് മുന്നോട്ടുപോകാത്ത പദ്ധതി യാഥാര്‍ത്ഥ്യമായതില്‍ ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യമുണ്ട്. വാദപ്രതിവാദങ്ങളും വാഗ്വാദങ്ങളും വിവാദങ്ങളും നിറഞ്ഞുനിന്ന പദ്ധതിയുമായി പല എതിര്‍പ്പുകളും മറികടന്നാണ് ഉമ്മന്‍ചാണ്ടി മുന്നോട്ടുപോയത്. പാരിസ്ഥികാനുമതി ഉള്‍പ്പെടെ നേടിയെടുക്കുന്നതിനൊപ്പം സുരേഷ് ബാബു അടക്കമുളള മികച്ച ഉദ്യോഗസ്ഥരുമായി പദ്ധതിക്ക് അടിത്തറ നല്‍കുന്നതിനും ഉമ്മന്‍ചാണ്ടി വലിയ പങ്കുവഹിച്ചു. പദ്ധതിയെ അപ്പാടെ എതിര്‍ത്തവര്‍, കരാറിലെ വ്യവസ്ഥകളെ എതിര്‍ത്തവര്‍ തുടങ്ങി ചെറുതും വലുതുമായ തടസവാദങ്ങള്‍ നീക്കിയാണ് 2015 ആഗസ്റ്റില്‍ സംസ്ഥാനം വിഴിഞ്ഞം പദ്ധതിയുടെ കരാറില്‍ ഒപ്പിട്ടത്. സെക്രട്ടേറിയറ്റിലെ ദര്‍ബാര്‍ ഹാളിലായിരുന്നു കരാര്‍ ഒപ്പിടല്‍ ചടങ്ങ് നടന്നത്. അദാനിയോടുളള എതിര്‍പ്പിന്റെ പേരില്‍ സംസ്ഥാനത്തിന്റെ വികസനം മുടങ്ങരുതെന്നും കേരളത്തിന്റെ താത്പര്യത്തിന് മുന്‍തൂക്കം നല്‍കണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ നിലപാട്.
ദേശീയ ഗ്രീന്‍ ട്രൈബ്യൂണല്‍, ഗ്രീന്‍ ട്രൈബ്യൂണല്‍ ചെന്നൈ ബെഞ്ച്, സുപ്രീംകോടതി എന്നിവിടങ്ങളില്‍ നിരന്തരമായ പോരാട്ടങ്ങള്‍ നടത്തിയാണ് യുഡിഎഫ് സര്‍ക്കാര്‍ തുറമുഖ പദ്ധതിക്ക് അനുമതി വാങ്ങിയത്. മികച്ച സാമൂഹിക സുരക്ഷാ പാക്കേജ് പ്രഖ്യാപിച്ചു കൊണ്ട് തുടങ്ങിയ ആദ്യ ബ്യഹത് പദ്ധതിയാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. പദ്ധതിയുടെ തുടക്കത്തില്‍ തുറമുഖത്തിന്റെ അടങ്കല്‍ തുകയെക്കാള്‍ അധികംതുകയുടെ അഴിമതി ആരോപിച്ച ആളാണ് അന്നത്തെ പാര്‍ട്ടി സെക്രട്ടറി ആയിരുന്ന ഇന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നതാണ് ശ്രദ്ധേയം.
ആയിരം ദിവസത്തിനകം പദ്ധതി നടപ്പാക്കുമെന്നാണ് ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഒപ്പിട്ട കരാറില്‍ പറഞ്ഞിരുന്നത്. ലത്തീന്‍ സഭയുടെ വിശ്വാസം അടക്കം നേടിയെടുത്തായിരുന്നു മുന്നോട്ടുപോക്ക്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത്
തുറമുഖ നിര്‍മ്മാണം നീണ്ടപ്പോഴും പിന്നീട് സഭ ഇടഞ്ഞപ്പോഴുമെല്ലാം തിരുവനന്തപുരത്തെ വ്യാപാരസമൂഹത്തിനോട് അടക്കം ഉമ്മന്‍ചാണ്ടി ആശങ്ക പങ്കിട്ടിരുന്നു. ലത്തീന്‍സഭയെയും വിശ്വാസത്തിലെടുത്ത് പദ്ധതി യാഥാര്‍ത്ഥ്യമാക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഉമ്മന്‍ചാണ്ടി ഇല്ലായിരുന്നുവെങ്കില്‍ വിഴിഞ്ഞം തുറമുഖം പോലുളള വികസനം കേരളത്തില്‍ സാദ്ധ്യമാകുമായിരുന്നില്ലെന്ന് ശശി തരൂര്‍ എം.പി പലപ്പോഴും പറഞ്ഞിട്ടുണ്ട്. തുറമുഖം യാഥാര്‍ത്ഥ്യമാകുമ്പോള്‍ ജനം ഉമ്മന്‍ചാണ്ടിയുടെ പേരായിരിക്കും ഓര്‍ക്കുകയെന്നും തരൂര്‍ അനുസ്മരിച്ചിരുന്നു. തുറമുഖത്തിന് ഉമ്മന്‍ചാണ്ടിയുടെ പേര് നല്‍കണമെന്ന് ആവശ്യപ്പെട്ട് എം.വിന്‍സന്‍് എംഎല്‍എയും രംഗത്തെത്തിയിരുന്നു. ലത്തീന്‍സഭയ്ക്ക് നല്‍കിയ ഉറപ്പുകളൊന്നും പാലിക്കാതെ സര്‍ക്കാര്‍ വിഴിഞ്ഞത്ത് കപ്പലടുപ്പിക്കുമ്പോള്‍ ഉമ്മന്‍ചാണ്ടിയെ കണ്ണീരോടെ ഓര്‍ക്കുകയാണ് തീരദേശവാസികള്‍.