വിഴിഞ്ഞത്തെ സമരപ്പന്തല്‍ പൊളിച്ചുനീക്കി; നാളെ മുതല്‍ നിർമാണപ്രവർത്തനങ്ങള്‍ പുനരാരംഭിക്കും

Jaihind Webdesk
Wednesday, December 7, 2022

 

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരപ്പന്തൽ സമരസമിതി പൊളിച്ചുനീക്കി. പ്രദേശത്തെ ബാരിക്കേഡുകള്‍ പോലീസും നീക്കം ചെയ്തു. 113 ദിവസം നീണ്ട ഉപരോധ സമരത്തിനൊടുവിലാണ് മുല്ലൂർ തുറമുഖ കവാടത്തിലെ സമരപ്പന്തൽ പൊളിച്ചു നീക്കിയത്. നാളെ മുതല്‍ തുറമുഖ നിർമാണ പ്രവർത്തനങ്ങള്‍ പുനരാരംഭിക്കും.  ഇരട്ടി വേഗത്തിൽ നിർമാണം പൂർത്തിയാക്കാനാണ് ശ്രമം. പുലിമുട്ട് നിർമാണത്തിനായി പ്രതിദിനം 15,000 ടൺ കല്ലിടുന്നിടതിന് പകരം 30,000 ടൺ കല്ലിടാനാണ് തീരുമാനം. കൊല്ലം, തിരുവനന്തപുരം തീരങ്ങളില്‍ നിന്ന് ബാർജുകൾ വിഴിഞ്ഞത്തേക്ക് എത്തിക്കും. തുറമുഖ നിർമാണം പൂർത്തിയാക്കാനുള്ള സമയപരിധി അദാനി ഗ്രൂപ്പിന് നീട്ടിക്കൊടുക്കേണ്ടതായി വരും.

അതേസമയം പുനരധിവാസം, നഷ്ടപരിഹാരം ഉൾപ്പടെയുള്ള വിഷയങ്ങളിലെ ഉറപ്പുകൾ ലംഘിക്കപ്പെട്ടാൽ സമരത്തിന്‍റെ അടുത്തഘട്ടം തുടങ്ങാനാണ് ലത്തീൻ അതിരൂപതയുടെ തീരുമാനം. സമരം മൂലം 226 കോടി രൂപ നഷ്ടമുണ്ടായെന്നാണ് അദാനി ഗ്രൂപ്പ് അറിയിക്കുന്നത്. ഈ നഷ്ടം ലത്തീൻ അതിരൂപതയിൽ നിന്ന് ഈടാക്കാനുള്ള തീരുമാനത്തിൽ നിന്ന് സർക്കാർ പിന്മാറിയേക്കും. സമരം ഒത്തുതീർപ്പായെന്ന് സർക്കാർ അറിയിച്ച സാഹചര്യത്തില്‍ സംസ്ഥാന സർക്കാരിനെതിരെ അദാനി ഗ്രൂപ്പും, കരാർ കമ്പനിയും സമർപ്പിച്ച കോടതിയലക്ഷ്യ ഹർജികൾ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. വിഴിഞ്ഞം തുറമുഖ നിർമാണ പദ്ധതിക്ക് സംരക്ഷണം വേണമെന്ന ഹർജി ഹൈക്കോടതി തിങ്കാഴ്ച പരിഗണിക്കും.