വിഴിഞ്ഞം തുറമുഖ കമ്മിഷനിങ്; മെയ് 2ന് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസ് അഭിവാദ്യമര്‍പ്പിക്കും

Jaihind News Bureau
Tuesday, April 29, 2025


വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിശ്ചയദാര്‍ഢ്യം കൊണ്ടാണെന്നും മറിച്ചുള്ള എല്‍ഡിഎഫിന്റെ കള്ളപ്രചരണം കേരള ജനത വിശ്വസിക്കില്ലെന്നും കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു. തിരുവനന്തപുരം ജില്ലയില്‍ മെയ് 2ന് രാവിലെ 10ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്ത മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ചിത്രങ്ങള്‍ വെച്ച് അഭിവാദ്യം അര്‍പ്പിക്കുമെന്നും എം.ലിജു അറിയിച്ചു.

ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയര്‍ത്തി വിഴിഞ്ഞം പദ്ധതി അട്ടിമറിക്കാന്‍ ശ്രമിച്ച പിണറായി വിജയനും സിപിഎമ്മുമാണ് ഇന്ന് ആ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാന്‍ ശ്രമിക്കുന്നത്.ഇത് അപഹാസ്യമാണ്. പ്രതിപക്ഷനേതാവിനെ ക്ഷണിക്കാനുള്ള മാന്യതപോലും സര്‍ക്കാര്‍ കാട്ടിയില്ല. വിവാദമായപ്പോള്‍ അദ്ദേഹത്തെ ക്ഷണിച്ചെന്ന് വരുത്തി കോണ്‍ഗ്രസിനെയും യുഡിഎഫിനെയും അപമാനിക്കുകയാണ്. അതേസമയം സര്‍ക്കാരിന്റെ വാര്‍ഷിക ആഘോഷത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിയെ ക്ഷണിച്ചതിലൂടെ സിപിഎമ്മിന്റെയും ബിജെപിയും സൗഹൃദബന്ധത്തിന്റെ ആഴം കേരളീയ പൊതുസമൂഹത്തിന് ഒരിക്കല്‍ക്കൂടി ബോധ്യപ്പെട്ടെന്നും എം.ലിജു പറഞ്ഞു.