പ്രക്ഷുബ്ധമായി വിഴിഞ്ഞം; സമരം ശക്തമാക്കാനുറച്ച് മത്സ്യത്തൊഴിലാളികള്‍

Jaihind Webdesk
Thursday, August 25, 2022

 

തിരുവനന്തപുരം: ലത്തീൻ അതിരൂപതയുടെ നേതൃത്വത്തിലുള്ള മത്സ്യത്തൊഴിലാളികളുടെ സമരം പത്താം ദിവസവും ശക്തമായി തുടരുന്നു. മത്സ്യത്തൊഴിലാളികൾ ഇന്നും വിഴിഞ്ഞം തുറമുഖ കവാടത്തിനുള്ളിലേക്ക് കടന്നു. മുഖ്യമന്ത്രി ചർച്ച നടത്തുന്നത് വരെ സമരം ശക്തമാക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

ശക്തമായ പ്രതിഷേധമാണ് മത്സ്യത്തൊഴിലാളികൾ തീരദേശത്ത് ഉയർത്തുന്നത്. ഇന്നും പ്രതിഷേധിച്ച മത്സ്യത്തൊഴിലാളികൾ വിഴിഞ്ഞം തുറമുഖ കവാടത്തിനുള്ളിലേക്ക് കടന്നു. തീരശോഷണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ടാണ് മത്സ്യത്തൊഴിലാളികളുടെ സമരം. തുറമുഖ കവാടവും ഉപരോധിച്ച പ്രവര്‍ത്തകർ ഇന്ന് വാഹന റാലിയും നടത്തി. പ്രതിഷേധക്കാരെ പ്രതിരോധിക്കാൻ വിഴിഞ്ഞത്ത് വലിയ പോലീസ് സന്നാഹവും ഏർപ്പെടുത്തിയിട്ടുണ്ട്. വിഴിഞ്ഞം പോർട്ടിന്‍റെ സുരക്ഷയും വർധിപ്പിച്ചു.

കഴിഞ്ഞ ദിവസത്തെ മന്ത്രിതല സമിതി ചർച്ചയും പരാജയപ്പെട്ടതോടെ സമരം കടുപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം. തിങ്കളാഴ്ച വീണ്ടും മത്സ്യത്തൊഴിലാളികൾ കരയും കടലും ഉപരോധിക്കും. വിഴിഞ്ഞം തുറമുഖ കവാടത്തിലേക്കുള്ള റോഡുകളും സമരക്കാർ തിങ്കളാഴ്ച ഉപരോധിക്കും. മുഖ്യമന്ത്രിയും മത്സ്യത്തൊഴിലാളികളുടെ സമരത്തെ തള്ളിയതോടെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് ലത്തീൻ അതിരൂപതയുടെയും തീരുമാനം.