വിഴിഞ്ഞത്ത് പ്രതിഷേധക്കടല്‍: പന്ത്രണ്ടാം ദിനവും സമരം ശക്തം; മുഖ്യമന്ത്രിയുടെ നിലപാടില്‍ രോഷം

Jaihind Webdesk
Saturday, August 27, 2022

തിരുവനന്തപുരം: വിഴിഞ്ഞത് മത്സ്യത്തൊഴിലാളികൾ നടത്തുന്ന സമരം 12-ാം ദിവസവും ശക്തമായി തുടരുന്നു. തുറമുഖ നിർമാണം നിർത്തിവെച്ചതായി അധികൃതർ പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും മുഖ്യമന്ത്രി തീരുമാനത്തിൽ പുനർചിന്തനം നടത്തണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. സമരത്തെ അധിക്ഷേപിച്ച മുഖ്യമന്ത്രിയുടെ നിലപാടില്‍ കടുത്ത രോഷമാണ് നിലനില്‍ക്കുന്നത്. സർക്കാരിന്‍റെ നിഷേധാത്മക നിലപാടിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെ തീരുമാനം.

തുറമുഖ നിർമാണം നിർത്തിവെച്ച് ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. കഴിഞ്ഞ ദിവസങ്ങളിൽ പൊലീസ് വെച്ച ബാരിക്കേഡുകൾ തകര്‍ത്ത പ്രതിഷേധക്കാര്‍ തുറമുഖ ഗേറ്റിന്‍റെ പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്ത് കയറി. പദ്ധതി പ്രദേശത്ത് കൊടി നാട്ടിയായിരുന്നു പ്രതിഷേധം. ഇന്നും ഇതേ രീതിയിലുള്ള സമരം മുന്നോട്ടു കൊണ്ടുപോകാനാണ് സമരക്കാരുടെ തീരുമാനം.

ഓരോ ദിവസവും ലത്തീന്‍ അതിരൂപതയ്ക്ക് കീഴിലുള്ള ഓരോ ഇടവകകളില്‍ നിന്നുള്ള ആളുകളാണ് പദ്ധതി പ്രദേശത്ത് സമരത്തിനെത്തുന്നത്. പദ്ധതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ച് തീരശോഷണത്തിന്‍റെ ആഘാത പഠനം നടത്തണമെന്നാണ് സമരത്തിന് നേതൃത്വം നൽകുന്ന ലത്തീന്‍ അതിരൂപത ആവശ്യപ്പെടുന്നത്. എന്നാല്‍, തുറമുഖ നിര്‍മ്മാണം നിര്‍ത്താനാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. സർക്കാർ നിലപാട് തിരുത്തി പുനഃപരിശോധിക്കണമെന്നാണ് സഭയുടെ ആവശ്യം. സർക്കാർ നിലപാടിൽ പ്രതിഷേധിച്ച് സമരം കടുപ്പിക്കാനാണ് മത്സ്യത്തൊഴിലാളികളുടെയും തീരുമാനം. സമരം ശക്തമാക്കുന്നതിന്‍റെ ഭാഗമായി തിങ്കളാഴ്ച കരയും കടലും ഒരുപോലെ ഉപരോധിക്കും.