വിഴിഞ്ഞം തുറമുഖ കമ്മീഷനിംഗ് ഉദ്ഘാടനം അല്പസമയത്തിനകം പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍വഹിക്കും. പ്രതിപക്ഷ നേതാവിനുള്ള ക്ഷണം നിരസിച്ചു കൊണ്ടാണ് സര്‍ക്കാര്‍ ഇന്ന് ഉദ്ഘാടനത്തിന് കളമൊരുക്കുന്നത്. ഒപ്പം ഈ സ്വപ്‌ന പദ്ധതിക്ക് തറക്കല്ലിട്ട മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ വിസ്മരിച്ചു കൊണ്ട് നടത്തുന്ന ഉദ്ഘാടന ചടങ്ങിന് പ്രതിപക്ഷമാകെ എതിര്‍ക്കുകയാണ്. ഉദ്ഘാടന ദിവസമായ ഇന്ന് പ്രതിപക്ഷ നേതാവ്, ഉമ്മന്‍ ചാണ്ടിയെ സ്മരിച്ചു കൊണ്ട് ഫെയ്‌സ്ബുക്ക് പോസ്റ്റ് പങ്കുവച്ചു ഒപ്പം 2015 മെയ് 8 ന് നിയമസഭയില്‍ ഉമ്മന്‍ ചാണ്ടി വിഴിഞ്ഞം പദ്ധതിയെ കുറിച്ച് വിവരിക്കുന്ന വീഡിയോ സന്ദശവും പങ്കുവച്ചു. വിഴിഞ്ഞം തുറമുഖം കേരളത്തിന്റെ സ്വപ്‌ന പദ്ധതിയാണെന്നും സംസ്ഥാനത്തിന്റെ താല്‍പര്യങ്ങല്‍ സംരക്ഷിച്ചു കൊണ്ട് വിഴിഞ്ഞം തുറമുഖ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യുമെന്നും അന്ന് അദ്ദേഹം പറഞ്ഞിരുന്നു.
‘ഉമ്മന്‍ ചാണ്ടി ഇന്നില്ല. മായ്ച്ചാലും മായാത്ത ചരിത്രമായി ഉമ്മന്‍ ചാണ്ടി ജന ഹൃദയങ്ങളില്‍ ജീവിക്കുന്നു. ചരിത്രത്തെ ബോധപൂര്‍വം മറക്കുകയും തിരുത്തി എഴുതാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മകളെ പോലും ഭയപ്പെടുന്നവരാണ്.
വിഴിഞ്ഞം തുറമുഖത്തിന് എല്ലാ ആശംസകളും നേരുന്നു’.