വിയ്യൂര്‍ ജയിലില്‍ കലാപശ്രമം; കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ കേസ്

Jaihind Webdesk
Monday, November 6, 2023


വിയ്യൂര്‍ അതീവ സുരക്ഷാ ജയിലില്‍ നടന്നത് കലാപശ്രമമെന്ന് എഫ്‌ഐആര്‍. ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെ 10 പേര്‍ക്കെതിരെ വധശ്രമത്തിനും പൊതുമുതല്‍ നശിപ്പിച്ചതിനും കേസെടുത്തു. സംഭവത്തില്‍ നാല് ജീവനക്കാര്‍ക്കും ഒരു തടവ്കാരനും പരിക്കേറ്റിരുന്നു. വധശ്രമം, പൊതുമുതല്‍ നശിപ്പിക്കല്‍, കലാപാഹ്വാനം എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് വിയ്യൂര്‍ പൊലീസ് കേസെടുത്തത്. തിരുവനന്തപുരത്ത് നിന്നും വിയ്യൂര്‍ അതീവ സുരക്ഷ ജയിലിലേക്ക് മാറ്റിയ കൊലപാതക കേസ് പ്രതി കാട്ടുണ്ണി രഞ്ജിത്താണ് വധഭീഷണി മുഴക്കി കലാപത്തിന് തുടക്കമിട്ടത്. ഉദ്യോഗസ്ഥരെ ഇരുമ്പ് വടി കൊണ്ട് അടിച്ച് വീഴ്ത്തി മര്‍ദ്ദിച്ചു. പിന്നാലെ കൊടിസുനിയുടെ നേതൃത്വത്തിലുള്ള സംഘം ഗാര്‍ഡ് റൂം അടിച്ച് തകര്‍ത്തു. കസേരകളും മേശയും ഫോണും വയര്‍ലെസ് ഉപകരണങ്ങളും ടെലഫോണ്‍ ബൂത്തും തകര്‍ത്തു.

ജയിലിലെ കിച്ചനില്‍ ജോലി ചെയ്തിരുന്ന ജോമോനെന്ന തടവുകാരനെയും പ്രതികള്‍ ആക്രമിച്ചു. കലാപം തടയാനെത്തിയ ഡെപ്യൂട്ടി സൂപ്രണ്ട് ശ്രീരാമന്‍, മറ്റ് ജീവനക്കാരായ വിനോദ് കുമാര്‍, ഓം പ്രകാശ്, അര്‍ജുന്‍ എന്നിവര്‍ക്ക് പ്രതികളുടെ ആക്രമണത്തില്‍ പരിക്കേറ്റു. കാട്ടുണ്ണി രഞ്ജിത്ത് ഒന്നാം പ്രതിയായ കേസില്‍ കൊടി സുനി അഞ്ചാം പ്രതിയാണ്. ആക്രമണം നിയന്ത്രണം വിട്ടതോടെ ജയിലിലുണ്ടായിരുന്ന ജീവനക്കാര്‍ തൊട്ടടുത്ത സെന്‍ട്രല്‍ ജയിലിലെയും ജില്ലാ ജയിലിലെയും ജീവനക്കാരുടെ സഹായം തേടിയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് സ്ഥിതി നിയന്ത്രണ വിധേയമാക്കാനായത്.