ഐപിഎൽ ലേലം : ജയ്‌ദേവ് ഉനദ്കട് വിലയേറിയ താരം; പുത്തൻ താരോദയമായി വരുൺ ചക്രവർത്തി

Jaihind Webdesk
Wednesday, December 19, 2018

Vivo-IPL-auction

ഐപിഎൽ താര ലേലത്തിൽ ഇത്തവണയും ഏറ്റവും വിലയുള്ള താരമായത് ജയ്‌ദേവ് ഉനദ്കട്. 8.4 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസാണ് താരത്തെ വീണ്ടും ടീമിലെത്തിച്ചത്. ഉനദ്കടിനൊപ്പം പുത്തൻ താരോദയമായി വരുൺ ചക്രവർത്തി 8.4 കോടിയെന്ന അതേ വിലയ്ക്ക് തന്നെ കിങ്‌സ് ഇലവൻ പഞ്ചാബിലേക്കെത്തി.

1.5 കോടി അടിസ്ഥാന വിലയുണ്ടായിരുന്ന ഉനദ്കടിനെ പഴയ ടീമായ രാജസ്ഥാൻ തന്നെ വീണ്ടും ടീമിലെടുത്തപ്പോൾ, വെറും 20 ലക്ഷം മാത്രം അടിസ്ഥാന വിലയുണ്ടായിരുന്ന തമിഴ്‌നാട്ടുകാരൻ വരുൺ ചക്രവർത്തിയെ കിങ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കിയതാണ് അമ്ബരപ്പിച്ചത്. കഴിഞ്ഞ വർഷം 11.5 കോടി രൂപയ്ക്ക് ടീമിലെടുത്ത ഉനദ്കടിനെ ടീമിൽ നിലനിർത്താതെ ലേലത്തിനു വിട്ട രാജസ്ഥാൻ, വീണ്ടും കോടികൾ മുടക്കിയാണ് താരത്തെ ടീമിലെത്തിച്ചത്. അതേസമയം, വരുൺ ചക്രവർത്തിയുടേത് അപ്രതീക്ഷിത താരോദയമായി. ആഭ്യന്തര ക്രിക്കറ്റിലെയും തമിഴ്‌നാട് പ്രീമിയർ ലീഗിലെയും മിന്നും പ്രകടനമാണ് വരുണിനെ ടീമുകളുടെ പ്രിയങ്കരനാക്കിയത്.

രണ്ട് കോടി അടിസ്ഥാന വിലയുമായി ലേലത്തിനെത്തി 7.2 കോടി രൂപ നേടിയ യുവ ഇംഗ്ലണ്ട് വിസ്മയം സാം കറനാണ് വിലയേറിയ താരങ്ങളിൽ രണ്ടാമതുള്ളത്. വാശിയേറിയ ലേലത്തിനൊടുവിൽ കിങ്‌സ് ഇലവൻ പഞ്ചാബാണ് കറനെയും സ്വന്തമാക്കിയത്. 6.4 കോടിക്ക് ദക്ഷിണാഫ്രിക്കൻ താരം കോളിൻ ഇൻഗ്രാമിനെ ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി.

20 ലക്ഷം രൂപയിൽ നിന്ന് 4.8 കോടിയിലേക്കെത്തിയ പതിനേഴുകാരൻ പ്രഭ്‌സിമ്രാൻ സിങ്ങും ലേലത്തിലെ താര സാന്നിധ്യമായി. പഞ്ചാബിൽ നിന്നുള്ള ഈ യുവതാരത്തെ കിങ്‌സ് ഇലവൻ തന്നെ സ്വന്തമാക്കി. ഉത്തർപ്രദേശിൽ നിന്നുള്ള അക്ഷ്ദീപ് സിങ്ങിനെ 3.6 കോടി രൂപയ്ക്ക് ആർസിബിയും ബരീന്ദർ സ്രാനെ 3.4 കോടിക്ക് മുംബൈയും സ്വന്തമാക്കി.

1.5 കോടി രൂപയ്ക്ക് ആർസിബിയിലെത്തിയ പതിനഞ്ചുകാരൻ താരം പ്രയാസ് റായ് ബർമനും ശ്രദ്ധേയനായി. ടെസ്റ്റ് ക്രിക്കറ്റിലൂടെ ആരാധകരുടെ ശ്രദ്ധ കവർന്ന ആന്ധ്രാ താരം ഹനുമ വിഹാരിയെ രണ്ട് കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അതിവേഗ ബോളിങ്ങിലൂടെ ശ്രദ്ധേയനായ വരുൺ ആരോണിനെ 2.4 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി. ആദ്യ ഘട്ടത്തിൽ വാങ്ങാനാളില്ലാതെ പോയ യുവരാജ് സിങ് രണ്ടാം വരവിൽ മുംബൈയിലെത്തി.

ലേലത്തിൽ നാല് പേർ അഞ്ച് കോടി രൂപ സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളായ അക്‌സർ പട്ടേൽ, മോഹിത് ശർമ, ശിവം ദുബെ, വെസ്റ്റ് ഇൻഡീസ് താരം കാർലോസ് ബ്രാത്ത്വയ്റ്റ് എന്നിവരാണ് അഞ്ച് കോടി നേടിയത്.

ലേലത്തിൽ 351 പേരിൽ നിന്ന് ആകെ 60 താരങ്ങളെയാണ് വിവിധ ടീമുകൾ വിളിച്ചെടുത്തത്. ഇതിൽ 40 ഇന്ത്യൻ താരങ്ങളും 20 വിദേശ താരങ്ങളും ഉൾപ്പെടുന്നു. ഇത്രയും താരങ്ങൾക്കായി 107 കോടിയോളം രൂപയാണ് എല്ലാ ടീമുകളും ചേർന്ന് ചെലവഴിച്ചത്.