മലപ്പുറം: ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്കും ആചാരലംഘനങ്ങള്‍ക്കുമെതിരെ കെ. മുരളീധരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രയ്ക്ക് മലപ്പുറം ജില്ലയില്‍ ആവേശകരമായ സ്വീകരണം.നിലമ്പൂര്‍, മലപ്പുറം ടൗണ്‍, എടപ്പാള്‍ എന്നിവിടങ്ങളില്‍ നടന്ന സ്വീകരണ പൊതുയോഗങ്ങളില്‍ പങ്കുചേരാന്‍ നൂറുകണക്കിനാളുകള്‍ ഒഴുകിയെത്തി.
രാവിലെ നിലമ്പൂരില്‍ നല്ല വെയിലായിരുന്നെങ്കില്‍, വൈകുന്നേരം മലപ്പുറത്ത് എത്തിയപ്പോള്‍ കനത്ത മഴയായിരുന്നു. കാലാവസ്ഥാ വെല്ലുവിളികള്‍ വകവെക്കാതെയാണ് വിശ്വാസ സംരക്ഷണയാത്രയെ വരവേല്‍ക്കാന്‍ ജനങ്ങള്‍ ഒഴുകിയെത്തിയത്. സ്വീകരണ പരിപാടികളിലെ ജനപങ്കാളിത്തം ശ്രദ്ധേയമായി.
നിലമ്പൂരിലെ പൊതുയോഗം എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി ദീപ ദാസ് മുന്‍ഷിയാണ് ഉദ്ഘാടനം ചെയ്തത്. മലപ്പുറം ടൗണില്‍ നടന്ന പൊതുയോഗം മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു.
വിശ്വാസങ്ങളെ തള്ളിക്കളയുകയല്ല, ആദരവോടെ കാണുകയാണ് ഓരോ രാഷ്ട്രീയ പാര്‍ട്ടിയും ചെയ്യേണ്ടതെന്ന് തങ്ങള്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ‘ഭരണഘടനയെ ചേര്‍ത്തുപിടിക്കുകയാണ് വേണ്ടത്. ബഹുസ്വരതയാണ് നാടിന്റെ കരുത്ത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എടപ്പാളിലെ സ്വീകരണ പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അബ്ദുസ്സമദ് സമദാനി എം.പി. ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് എടുത്ത ഏറ്റവും ധാര്‍മ്മികമായ തീരുമാനമാണ് വിശ്വാസ സംരക്ഷണയാത്രയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘മതം വേണം, മതവിശ്വാസം വേണം, മതേതരത്വം വേണം. മതത്തെ ചൂഷണം ചെയ്യാന്‍ പാടില്ല,’ അദ്ദേഹം പറഞ്ഞു.
കെ.പി.സി.സി. വര്‍ക്കിംഗ് പ്രസിഡന്റ് എ.പി. അനില്‍കുമാര്‍ എം.എല്‍.എ. മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചു. ‘ദേവസ്വം ബോര്‍ഡിലും ക്ഷേത്രങ്ങളിലും ലഭിക്കുന്ന ഭക്തരുടെ പണം കൊള്ളയടിക്കുന്ന സര്‍ക്കാരായി പിണറായി വിജയന്‍ സര്‍ക്കാര്‍ മാറി,’ അദ്ദേഹം ആരോപിച്ചു.
അയ്യപ്പ വിശ്വാസ സംഗമത്തിലൂടെ അടുത്ത ഭരണത്തിനുള്ള അടിത്തറ പാകാനാണ് മുഖ്യമന്ത്രി ശ്രമിച്ചതെന്ന് ടി. സിദ്ദിഖ് എം.എല്‍.എ. പറഞ്ഞു. ജാഥാ നായകന്‍ കെ. മുരളീധരനും മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാരിനുമെതിരെ രൂക്ഷമായ വിമര്‍ശനം നടത്തി.
ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയ്, ബാലകൃഷ്ണന്‍ പെരിയ, ദിനേശ് പെരുമണ്ണ, യൂത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയില്‍, രജിത്ത് നാറാത്ത്, പി.ടി. അജയമോഹനന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിവിധ സ്വീകരണ പൊതുയോഗങ്ങളില്‍ സംസാരിച്ചു.