കൊല്ലം : കിരണ്‍ കുമാറിനെതിരെ നേരത്തെയുണ്ടായിരുന്ന കേസ് പുനരന്വേഷിക്കണമെന്ന ആവശ്യവുമായി സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ പിതാവ് ത്രിവിക്രമന്‍ നായര്‍. ആറുമാസം മുമ്പ് ചടയമംഗലം പൊലീസ് സ്റ്റേഷനിൽ കിരണ്‍ കുമാറിനെതിരായ മര്‍ദ്ദന കേസ് ഒത്തുതീര്‍പ്പാക്കിയിരുന്നു. അന്ന് കിരണിനെതിരെ നിയമനടപടികള്‍ ഒഴിവാകാന്‍ കാരണം വിസ്മയയുടെ തീരുമാനം ആയിരുന്നു.
നിലമേലിലെ വീട്ടിലെത്തി വിസ്മയയെയും സഹോദരൻ വിജിത്തിനെയും കിരൺ കുമാർ മർദിച്ചിരുന്നു. അന്ന് കിരണിനെ പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥനെയും ഇയാള്‍ ആക്രമിച്ചിരുന്നു. പിന്നാലെ മോട്ടോർ വാഹന ഉദ്യോഗസ്ഥര്‍ കിരണിന് വേണ്ടി മധ്യസ്ഥരായി എത്തിയിരുന്നു. നിയമനടപടിയുമായി മുന്നോട്ടുപോകാനായിരുന്നു കുടുംബാംഗങ്ങളുടെ തീരുമാനം. എന്നാല്‍ ജോലി കളഞ്ഞ് അവരുടെ വരുമാനം മുടക്കേണ്ടെന്ന വിസ്മയയുടെ ആവശ്യപ്രകാരമാണ് നിയമനടപടികള്‍ വേണ്ടെന്ന് വെച്ചതെന്ന് സഹോദരന് വിജിത്ത് പറഞ്ഞു. അന്നത്തെ ഒത്തുതീർപ്പാണ് വിസ്മയയുടെ മരണത്തിൽ കലാശിച്ചതെന്ന ദുഃഖവും വിജിത്ത് പങ്കുവെച്ചു.
കേസില്‍ പുനരന്വേഷണ സാധ്യത പരിശോധിക്കുമെന്ന് ദക്ഷിണമേഖലാ ഐജി ഹർഷിത അട്ടലൂരി വ്യക്തമാക്കി. വിസ്മയ കേസ് ശക്തമായ തെളിവുകൾ ഉള്ളതും ഗൗരവതരവുമാണെന്ന് പ്രതിക്ക് തക്കതായ ശിക്ഷ കിട്ടുവാൻ പര്യാപ്തമായ തെളിവുകളും മൊഴികളും ലഭിച്ചിട്ടുണ്ട്. സുഹൃത്തുക്കൾ, ബന്ധുക്കൾ, അയൽവാസികൾ, എന്നിവരുടെ മൊഴി വിശദമായി എടുക്കുമെന്ന് അട്ടലൂരി അറിയിച്ചു. കിരണിന്റെ വീട്ടുകാരുടെ ഉൾപ്പടെ എല്ലാവരുടേയും പങ്ക് അന്വേഷിക്കും. കൊലപാതകമോ ആത്മഹത്യയോ എന്ന് ഈഘട്ടത്തിൽ പറയാനാകില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ മൊഴിയെടുക്കുമെന്നും ഐജി അറിയിച്ചു.