വിസ്മയയുടെ മരണം : ഭര്‍ത്താവ് കിരണ്‍ കുമാറിനെ മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു

Jaihind Webdesk
Monday, June 28, 2021

കൊല്ലം : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് മരിച്ച വിസ്മയയുടെ ഭര്‍ത്താവ് കിരൺ കുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി. മൂന്ന് ദിവസത്തേക്കാണ് ശാസ്താംകോട്ട കോടതി പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലിനുശേഷമാകും പ്രതിയെ തെളിവെടുപ്പിന് പോരുവഴിയിലെ വീട്ടിലേക്കുൾപ്പെടെ കൊണ്ടു പോകുക.

ജൂണ്‍ 21നാണ് വിസ്മയയെ ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. വിസ്മയയുടെ മരണം നടന്ന പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്‍ നേരിട്ടെത്തി പരിശോധന നടത്തും. വീട്ടിലെ കിടപ്പുമുറിയോട്‌ ചേർന്ന ശുചിമുറിയുടെ ജനാലക്കമ്പിയിൽ വിസ്‌മയ തൂങ്ങിമരിച്ചെന്നാണ്‌ കിരണും ബന്ധുക്കളും പറയുന്നത്‌. തറനിരപ്പിൽനിന്ന്‌ 185 സെന്‍റിമീറ്റർ ഉയരമുള്ള ജനൽ കമ്പിയിൽ 166 സെന്‍റിമീറ്റർ ഉയരമുള്ള വിസ്‌മയ 140 സെന്‍റിമീറ്റർ നീളമുള്ള ടവൽ ഉപയോഗിച്ച്‌ എങ്ങനെ തൂങ്ങിയെന്ന സംശയം നിലനിൽക്കുന്നു.വിസ്മയയെ മര്‍ദിക്കാന്‍ ബന്ധുക്കളുടെ പ്രേരണയുണ്ടായിരുന്നോ എന്ന കാര്യത്തിലുള്‍പ്പെടെ വ്യക്തത വരുത്താന്‍ കിരണിനെ കസ്റ്റഡിയിലെടുത്തുളള ചോദ്യം ചെയ്യലിലൂടെ കഴിയുമെന്ന പ്രതീക്ഷയിലാണ് പൊലീസ്.

അതേസമയം വിസ്മയയുടെ വീട്ടില്‍ ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് സന്ദർശനം നടത്തി. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് അദ്ദേഹം പറഞ്ഞു. സ്ത്രീധനം ആവശ്യപ്പെടുന്ന പുരുഷന്മാരുമായി വിവാഹബന്ധം വേണ്ടെന്ന് വെക്കാൻ പെൺകുട്ടികൾ തയാറാകണമെന്നും ​ഗവർണർ പ്രതികരിച്ചു.