കൊല്ലം : ഏറെ കോളിളക്കം സൃഷ്ടിച്ച കൊല്ലത്തെ വിസ്മയ കേസിന്‍റെ വിചാരണ ഇന്ന് ആരംഭിക്കും. കൊല്ലം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി കെ.എൻ സുജിത്ത് മുമ്പാകെയാണ് വിചാരണ ആരംഭിക്കുന്നത്. വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ സഹോദരൻ വിജിത്ത് എന്നിവരെ ഇന്ന് വിസ്തരിച്ചേക്കും.
ഇന്ത്യൻ ശിക്ഷാ നിയമം 304 – ബി സ്ത്രീധന പീഡനം മൂലമുള്ള മരണം, 498 A സ്ത്രീധന പീഡനം, 306 ആത്മഹത്യാ പ്രേരണ, 323 പരിക്കേൽപ്പിക്കുക, 506 (1) ഭീഷണിപ്പെടുത്തുക, സ്ത്രീധന നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളുമാണ് പ്രതിയും വിസ്മയയുടെ ഭർത്താവുമായ കിരൺ കുമാറിനെതിരെ ചുമത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ടയ്ക്കു സമീപമുള്ള കിരൺ കുമാറിന്‍റെ വസതിയിലെ കുളിമുറിയുടെ അഴികളിൽ വിസ്മയയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണ സംഘം കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസിനെ തുടർന്ന് അസിസ്റ്റന്‍റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആയ പ്രതി കിരൺകുമാറിനെ സർവീസിൽ നിന്നും സർക്കാർ പിരിച്ചുവിട്ടിരുന്നു. പ്രതിയെ റിമാന്‍റിൽ സൂക്ഷിച്ചുകൊണ്ടാണ് വിചാരണ ആരംഭിക്കുന്നത് ഡിജിറ്റൽ തെളിവുകൾ ആണ് കേസിൽ ഏറെ നിർണായകം. അഡ്വ. മോഹൻ രാജിനെ സ്പെഷ്യൽ പബ്ളിക്ക് പ്രോസിക്യൂട്ടർ ആയി നിയമിച്ചാണ് വിചാരണ ആരംഭിക്കുന്നത്.