വിഷുക്കണി ദർശനം : ഗുരുവായൂരില്‍ ആയിരക്കണക്കിന് ഭക്തർ എത്തി

Jaihind Webdesk
Wednesday, April 14, 2021

 

തൃശൂർ : വിഷുക്കണി ദർശനത്തിനായി ഗുരുവായൂർ ക്ഷേത്രത്തിൽ ആയിരക്കണക്കിന് ഭക്തർ എത്തി. കൊവിഡിൻ്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് ഭക്തർക്ക് വിഷുക്കണി ദർശനം ദേവസ്വം ഒരുക്കിയത്.

ഇന്നലെ അത്താഴ പൂജക്ക് ശേഷം കീഴ്ശാന്തി മാർ മുഖമണ്ഡപത്തിൽ പൊൻതിടമ്പ് അലങ്കരിച്ച് വച്ച് അതിനു മുന്നിൽ ഓട്ടുരുളിയിൽ ഉണക്കല്ലരി, ഗ്രന്ഥം, വാൽക്കണ്ണാടി, കണിക്കൊന്ന, സ്വർണ്ണം, പുതുപണം, വെള്ളരി, ചക്ക ,മാങ്ങ, നാളികേരം തുടങ്ങി കണിക്കോപ്പുകൾ ഒരുക്കി വച്ചു.ഇന്ന് പുലർച്ചെ 2.15 ന് മേൽശാന്തി ശങ്കരനാരായണ പ്രമോദ് നമ്പൂതിരി ശ്രീലകത്ത് പ്രവേശിച്ച് നെയ് നിറച്ച നാളികേര മുറികളിൽ അരി ത്തിരിയിൽ അഗ്നി പകർത്ത് ആദ്യം ഗുരുവായൂരപ്പന് വിഷുക്കണി കാണിച്ച് തൃക്കൈയ്യിൽ വിഷു കൈനീട്ടവും സമർപ്പിച്ചു. പിന്നീട് കൃത്യം 2.30ന് ക്ഷേത്രത്തിനകത്തേക്ക് ഭക്തരെ വിഷുക്കണി ദർശനത്തിനായി പ്രവേശിപ്പിച്ചു.

നാലമ്പലത്തിലേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കാത്തതിനാൽ അതിനു പുറത്തു നിന്നാണ് ഭക്തർക്ക് തൊഴാനും വിഷുക്കണി ദർശിക്കാനും കഴിഞ്ഞത്. ഒരു മണിക്കൂർ നേരമാണ് വിഷുക്കണി ദർശനം – പിന്നീട് തൈലാഭിഷേകവും വാക ചാർത്തും കഴിഞ്ഞ് പതിവു ചടങ്ങുകളിലേക്കും കടക്കും. വിഷുക്കണി ദർശനത്തിനായി ആയിരക്കണക്കിന് ഭക്തരാണ് വെർച്ചൽ ക്യൂ വഴി ക്ഷേത്രത്തിലെത്തിയത്. വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്യാത്തവർക്ക് കിഴക്കേ നടയിലെ ദീപസ്തംഭത്തിനരികെ നിന്ന് ഗുരുവാപയൂരപ്പനെ കണ്ട് തൊഴാം. വിഷു ദിവസം ഉച്ചപ്പൂജക്ക് വിശേഷ വിഭവങ്ങളാണ് ഗുരുവായൂരപ്പന് നിവേദ്യമായി സമർപ്പിക്കുക. രാത്രി വിഷു വിളക്കും ഉണ്ടാകും.