വിഷ്ണുപ്രിയ കൊലക്കേസ്; പ്രതി ശ്യാംജിത്തിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

Jaihind Webdesk
Monday, May 13, 2024

 

കണ്ണൂര്‍: പ്രണയാഭ്യർഥന നിരസിച്ചതിന്‍റെ പേരിൽ വള്ള്യായി കണ്ണച്ചാങ്കണ്ടി വീട്ടിൽ വിഷ്ണുപ്രിയയെ (23) വീട്ടിൽ കയറി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം. വീട്ടിൽ അതിക്രമിച്ച് കയറിയതിന് 10 വർഷം തടവ് അനുഭവിക്കുകയും രണ്ടുലക്ഷം രൂപ പിഴ ഒടുക്കുകയും വേണം. മാനന്തേരി കളത്തി‍ൽ ഹൗസിൽ ശ്യാംജിത് (25) ഐപിസി 449, 302 വകുപ്പുകൾ പ്രകാരം കുറ്റക്കാരനെന്ന് അഡീഷനൽ സെഷൻസ് കോടതി (ഒന്ന്) ജഡ്ജി എ.വി.മൃദുല കണ്ടെത്തിയിരുന്നു. പ്രണയപ്പക കാരണമാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ശ്യാംജിത്ത് കുറ്റക്കാരനാണെന്ന്  കോടതി വെള്ളിയാഴ്ച വിധിച്ചിരുന്നു.

2022 ഒക്ടോബര്‍ 22-നായിരുന്നു കേസിന് ആസ്പദമായ സംഭവം. ശ്യാംജിത്ത് മുന്‍കൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്‍റെ പ്രധാന വാദം. സംഭവത്തിന്‍റെ രണ്ടുദിവസം മുമ്പ് കൂത്തുപറമ്പിലെ കടയില്‍നിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ വിചാരണ വേളയിൽ കോടതിയില്‍ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തില്‍ 29 മുറിവുകളുണ്ടായിരുന്നു. ദൃക്സാക്ഷികളില്ലാത്ത കേസിൽ സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ. അജിത്ത്കുമാര്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മില്‍ നേരത്തേ സംസാരിച്ചതിന്‍റെ ഫോണ്‍രേഖകളും തെളിവായി കോടതിയില്‍ ഹാജരാക്കി.

കൊലപാതകം നടന്ന് ഒരുവര്‍ഷം പൂര്‍ത്തിയാകുന്നതിന് മുമ്പ് തന്നെ വിചാരണ തുടങ്ങിയിരുന്നു. കേസില്‍ 73 സാക്ഷികളാണുണ്ടായിരുന്നത്. പ്രോസിക്യൂഷന്‍ മൂന്ന് ഫോറന്‍സിക് വിദഗ്ധരെ സാക്ഷികളായി പുതുതായി ഉള്‍പ്പെടുത്തി. വിഷ്ണുപ്രിയയുടെ സഹോദരിമാര്‍, സുഹൃത്ത് വിപിന്‍രാജ് തുടങ്ങി 49 സാക്ഷികളെ വിസ്തരിച്ചു. ഇരുതലമൂര്‍ച്ചയുള്ള കത്തി, ചുറ്റിക, കുത്തുളി എന്നിവ കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നായിരുന്നു കേസ്. വിധി തൃപ്തികരമാണെന്നും സന്തോഷമുണ്ടെന്നും പ്രോസിക്യൂഷൻ പ്രതികരിച്ചു.