പ്രണയപ്പകയില്‍ അരുംകൊല; വിഷ്ണുപ്രിയ കൊലക്കേസില്‍ ശിക്ഷാ വിധി ഇന്ന്

Jaihind Webdesk
Monday, May 13, 2024

 

കണ്ണൂർ: കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി  വിധിച്ചിരുന്നു. തുടർന്നാണ് ശിക്ഷ വിധി ഇന്നത്തേക്ക് മാറ്റി വെച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം.

2022 ഒക്ടോബർ 22ന്‌ രാവിലെയായിരുന്നു ലോകത്തെ നടുക്കിയ അരുംകൊല നടന്നത്. പ്രണയ നൈരാശ്യത്തെ തുടർന്നുള്ള വൈരാഗ്യത്തിൽ പ്രതി എം. ശ്യാംജിത്ത് വീട്ടിലെ മുറിയിൽ കയറി കഴുത്തിനും കൈക്കും കാലിനും മാരകായുധങ്ങൾകൊണ്ട്‌ വെട്ടി വിഷ്‌ണുപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു. കൊലപ്പെടുത്തിയത് അഞ്ചാം പാതിര സിനിമ മോഡലിലായിരുന്നു. കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു. ഗൂഗിള്‍ സെര്‍ച്ച് നടത്തിയാണ് പ്രതി ശ്യാംജിത്ത് കൊലപാതകം ആസൂത്രണം ചെയ്തത്. തെളിവ് നശിപ്പിക്കാനുള്ള പദ്ധതികളും നേരത്തെ ആസൂത്രണം ചെയ്തിരുന്നു.

തുടർന്ന് വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുത്തു.  2 കത്തികള്‍, ഇടിക്കട്ട, ചുറ്റിക, സ്‌ക്രൂഡ്രൈവര്‍, ഗ്ലൗസുകള്‍, കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രം, തൊപ്പി, മുളക്‌പൊടി പാക്കറ്റ് എന്നിവ കണ്ടെടുത്തിരുന്നു. സംഭവ സ്ഥലത്ത് വിതറി അന്വേഷണം വഴി തെറ്റിക്കാന്‍ പ്രതി ബാർബര്‍ ഷോപ്പില്‍ നിന്ന് ശേഖരിച്ച മുടിയും കണ്ടെടുത്തു. കത്തി ശ്യാംജിത്ത് സ്വന്തമായി ഉണ്ടാക്കിയതായിരുന്നു. കഴുത്തറുത്ത് കൊലപ്പെടുത്താനായി കട്ടറും കത്തിക്ക് മൂര്‍ച്ച കൂട്ടാനുള്ള യന്ത്രവും ഓണ്‍ലൈന്‍ ആയി വാങ്ങിയതായിരുന്നു.