അഡ്ലെയ്ഡ്: ഏകദിന കരിയറില്‍ ആദ്യമായി വിരാട് കോഹ്ലിക്ക് തുടര്‍ച്ചയായി രണ്ട് മത്സരങ്ങളില്‍ റണ്ണൊന്നും എടുക്കാതെ പുറത്താകേണ്ടി വന്നത് ക്രിക്കറ്റ് ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. പെര്‍ത്ത് ഏകദിനത്തില്‍ 8 പന്തുകള്‍ നേരിട്ട് അക്കൗണ്ട് തുറക്കാന്‍ കഴിയാതെ പോയ കോഹ്ലി, അഡ്ലെയ്ഡില്‍ 4 പന്തില്‍ പൂജ്യത്തിന് പുറത്തായി. ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ താരത്തിന്റെ ഈ മോശം പ്രകടനം സാമൂഹിക മാധ്യമങ്ങളില്‍ വലിയ സംവാദങ്ങള്‍ക്കാണ് തിരികൊളുത്തിയിരിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ കോഹ് ലിക്ക് ഇപ്പോള്‍ എന്തായാലും മോശം സമയമാണ്. പുറത്തായതിന് ശേഷം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയ കോഹ്ലിയുടെ ആംഗ്യം വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകര്‍ന്നു. 36 വയസ്സുകാരനായ താരം എല്ലാം അവസാനിപ്പിക്കുമോ എന്ന് ആരാധകര്‍ ഉറ്റുനോക്കുന്നു.
പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തിന് മുന്നോടിയായി തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിനെക്കുറിച്ചും കോഹ്ലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. 2027 ഏകദിന ലോകകപ്പ് എന്ന സ്വപ്നം ഉപേക്ഷിക്കാന്‍ താന്‍ തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം പറഞ്ഞ വാക്കുകളുമായി ഒത്തുപോകാത്ത പ്രകടനമാണ് കളിക്കളത്തില്‍ കാണാന്‍ കഴിഞ്ഞത്.
‘ഞാനിതുവരെ ഉണ്ടായിരുന്നതിനേക്കാള്‍ മികച്ച ഫിറ്റ്‌നസിലാണ്. കളിക്കാന്‍ കഴിയുമെന്ന് അറിയുമ്പോള്‍ ആ ഊര്‍ജ്ജം അനുഭവിക്കാന്‍ കഴിയും, മാനസികമായി എന്ത് ചെയ്യണമെന്ന് അറിയാം; ശാരീരിക തയ്യാറെടുപ്പാണ് ശരിക്കും ശ്രദ്ധിക്കേണ്ടത്,’ ഞായറാഴ്ച ആദ്യ ഏകദിനത്തിന് മുന്നോടിയായി അദ്ദേഹം പറഞ്ഞിരുന്നു.
ഗ്ലൗസുകള്‍ കയ്യിലേന്തി ആരാധകരെ നോക്കി കൈവീശി കാണിച്ചുകൊണ്ടാണ് കോഹ്ലി ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങിയത്. ഈ ആംഗ്യം താരം വിരമിക്കലിന്റെ സൂചന നല്‍കുകയാണോ എന്ന് ആരാധകര്‍ക്കിടയില്‍ സംശയമുയര്‍ത്തി. യശസ്വി ജയ്സ്വാളിനെപ്പോലുള്ള യുവതാരങ്ങള്‍ ടീമിന് പുറത്ത് അവസരം കാത്തിരിക്കുമ്പോള്‍, ഇന്ത്യന്‍ ടീമില്‍ ഇടം നേടാനുള്ള മത്സരം കടുത്തതാണ്. കോഹ് ലി നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് കളിക്കുന്നത്. ടെസ്റ്റില്‍ നിന്നും 20-20 ഫോര്‍മാറ്റുകളില്‍ നിന്നും അദ്ദേഹം നേരത്തേ വിരമിച്ചിരുന്നു.