യുഗാന്ത്യം; ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

Jaihind News Bureau
Monday, May 12, 2025

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഇതിഹാസ താരം വിരാട് കോഹ്ലി. ഇന്‍സ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് താരം വിരമിക്കല്‍ വിവരം പ്രഖ്യാപിച്ചത്. ഇത് എളുപ്പമല്ലെന്നും ടെസ്റ്റ് ക്രിക്കറ്റ് താന്‍ പ്രതീക്ഷിച്ചതിലേറെ തനിക്ക് തിരിച്ചുതന്നെന്നും കോഹ്‌ലി പോസ്റ്റില്‍ പറഞ്ഞു. രോഹിത് ശര്‍മ്മ ടെസ്റ്റ് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. 2024 ലെ ടി20 ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം കോഹ്ലിയും രോഹിതും ഒരുമിച്ച് ടി20യില്‍ നിന്ന് വിരമിച്ചിരുന്നു.

2011 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് കോഹ്ലി ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റത്തിന് മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷം നായകനായി. ഏറ്റവും കൂടുതല്‍ ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച താരം. 68 ടെസ്റ്റുകളില്‍  ഇന്ത്യയെ നയിച്ചു. അതില്‍ 17 എണ്ണം (25 ശതമാനം) മാത്രമാണ് തോറ്റത്. 58.82 ശതമാനം വിജയശതമാനത്തോടെ (40 വിജയങ്ങള്‍, 11 സമനിലകള്‍) ഇന്ത്യയുടെ ഏറ്റവും വിജയകരമായ റെഡ്-ബോള്‍ ക്യാപ്റ്റനായി തുടരുന്നു. 14 വര്‍ഷത്തെ ടെസ്റ്റ് കരിയറില്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ക്ക് പിന്നില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ നാലാമത്തെ കളിക്കാരന്‍.

ജൂണ്‍ 20ന് ആരംഭിക്കുന്ന ഇംഗ്ലണ്ട് പരമ്പരയില്‍ കൂടി തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടിരുന്നെങ്കിലും കോഹ്‌ലി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ തന്നെ ടെസ്റ്റ് കരിയര്‍ അവസാനിച്ചുവെന്ന് കോഹ്‌ലി സഹതാരങ്ങളെയും ടീം മാനേജ്‌മെന്റിനെയും അറിയിച്ചിരുന്നതായാണ് വിവരം.ബോര്‍ഡര്‍ ഗാവസ്‌കര്‍ ട്രോഫിയില്‍ മികച്ച പ്രകടനം ആയിരുന്നില്ല താരത്തിന്റേത്. ഒരു സെഞ്ച്വറിയൊഴിച്ച് നിറുത്തിയാല്‍ കോഹ്‌ലിക്ക് യഥാാര്‍ത്ഥ മികവിലേക്ക് ഉയരാനായിരുന്നില്ല.