കോഹ്‌ലി ഇന്നലെ മറികടന്നത് രണ്ട് റെക്കോഡുകള്‍

അഡ്‌ലെയ്ഡ്: ഓസ്ട്രേലിയയ്ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനമായ ഇന്നലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി മറികടന്നത് രണ്ട് റെക്കോഡുകള്‍. ഓസീസ് മണ്ണില്‍ ഏറ്റവും വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡും വിദേശത്ത് 2000 ടെസ്റ്റ് റണ്‍സ് തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപ്റ്റനെന്ന റെക്കോഡുമാണ് ഇന്ത്യന്‍ നായകന്‍ സ്വന്തമാക്കിയത്.

ഒമ്പത് ടെസ്റ്റുകളിലെ 18 ഇന്നിങ്സുകളില്‍ നിന്നാണ് താരം ഓസ്‌ട്രേലിയയിലെ ആയിരം റണ്‍സ് എന്ന നേട്ടത്തിലെത്തിയത്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്, വി വി എസ് ലക്ഷ്മണ്‍ എന്നിവര്‍ക്കു ശേഷം ഓസ്ട്രേലിയില്‍ 1000 റണ്‍സ് തികയ്ക്കുന്ന നാലാമത്തെ ഇന്ത്യന്‍ താരമാണ് കോലി. അഡ്‌ലെയ്ഡ് ടെസ്റ്റിന് ഇറങ്ങുമ്പോള്‍ എട്ട് റണ്‍സായിരുന്നു കോലിക്ക് ഈ നേട്ടത്തിലേക്കെത്താന്‍ വേണ്ടിയിരുന്നത്. എന്നാല്‍ ഒന്നാം ഇന്നിങ്‌സില്‍ താരം മൂന്ന് റണ്‍സിന് പുറത്തായിരുന്നു. ഓസ്‌ട്രേലിയന്‍ മണ്ണില്‍ കളിച്ച എട്ടു ടെസ്റ്റില്‍ നിന്നായി അഞ്ചു സെഞ്ചുറികളും രണ്ട് അര്‍ധസെഞ്ചുറികളുമടക്കം 992 റണ്‍സായിരുന്നു അപ്പോള്‍ കോഹ്‌ലിയുടെ അക്കൗണ്ടിലുണ്ടായിരുന്നത്. 20 ടെസ്റ്റുകളില്‍ നിന്ന് 53.20 റണ്‍സ് ശരാശരിയില്‍ 1809 റണ്‍സ് നേടിയിട്ടുള്ള സച്ചിനാണ് ഇന്ത്യന്‍ താരങ്ങളില്‍ മുന്നിലുള്ളത്. 15 ടെസ്റ്റുകളില്‍നിന്ന് 1236 റണ്‍സുമായി വി.വി.എസ്. ലക്ഷ്മണ്‍ രണ്ടാമതും 15 ടെസ്റ്റുകളില്‍നിന്നു തന്നെ 1143 റണ്‍സുമായി രാഹുല്‍ ദ്രാവിഡ് മൂന്നാമതുമുണ്ട്.

Comments (0)
Add Comment