കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടല്‍: ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു

മുംബൈ: കാലാവധി അവസാനിക്കാന്‍ ആറുമാസം ശേഷിക്കെ കേന്ദ്രവുമായി ഉടക്കി റിസര്‍വ്വ് ബാങ്ക് ഡെപ്യൂട്ടി ഗവര്‍ണര്‍ വിരാല്‍ ആചാര്യ രാജിവെച്ചു. ഊര്‍ജിത് പട്ടേല്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ചുമതലയേറ്റതിനൊപ്പമായിരുന്നു വിരാല്‍ ആചാര്യയുടെയും നിയമനം. ന്യൂയോര്‍ക്ക് സര്‍വകലാശാലയുടെ സ്റ്റേണ്‍ സ്‌കൂള്‍ ഓഫ് ബിസിനസിലേക്ക് അദ്ദേഹം മടങ്ങുന്നതായാണ് സൂചന.  റിസര്‍വ് ബാങ്കിന്റെ സ്വയം ഭരണ അവകാശത്തിന്‍ മേല്‍ കൈകടത്താന്‍ സര്‍ക്കാരിനെ അനുവദിക്കില്ലെന്ന് ഇക്കഴിഞ്ഞ ഒക്ടോബറില്‍ ആചാര്യ വ്യക്തമാക്കിയിരുന്നു. ചില ബാങ്കുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടതോടെയായിരുന്നു അദ്ദേഹം തുറന്നടിച്ചത്.

ഊര്‍ജിത് പട്ടേല്‍ രാജി വച്ചതിന് പിന്നാലെ വിരാല്‍ ആചാര്യയും സ്ഥാനമൊഴിയുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു. റിസര്‍വ് ബാങ്കിന്റെ സ്വയംഭരണാധികാരം സംബന്ധിച്ച് സര്‍ക്കാരുമായി നിലനിന്ന അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്നായിരുന്നു കഴിഞ്ഞ വര്‍ഷം ഊര്‍ജിത് പട്ടേല്‍ രാജി വച്ചത്. ശക്തികാന്ത ദാസാണ് പകരം ചുമതല ഏറ്റെടുത്തത്.

Comments (0)
Add Comment