എഐ ക്യാമറയില്‍ വിഐപികള്‍ പെടില്ല; ‘പെടുന്നത്’ സാധാരണക്കാർ: തിങ്കളാഴ്ച മുതല്‍ പിഴ പിരിച്ചു തുടങ്ങും

Jaihind Webdesk
Saturday, June 3, 2023

 

തിരുവനന്തപുരം: പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ എഐ ക്യാമറകളിൽ (AI CAMERA) നിന്നു പിഴ ചുമത്തുമ്പോൾ പ്രമുഖരെ ഒഴിവാക്കാനുള്ള പഴുതുകൾ ഒരുക്കുകയാണ് ഗതാഗതവകുപ്പ്. അവശ്യവിഭാഗങ്ങളുടെ മറവിൽ മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പടെയുളള വിഐപികളെ പിഴയിൽ നിന്നും ഒഴിവാക്കാനുള്ള നീക്കമാണ് നടക്കുന്നത്.

ഗതാഗത നിയമലംഘനങ്ങൾക്ക് മനുഷ്യ ഇടപെടലില്ലാതെ പിഴ ഈടാക്കുമെന്ന് പറഞ്ഞ് കൊട്ടിഘോഷിച്ചു കൊണ്ടുവന്ന എഐ ക്യാമറ പദ്ധതിയിൽ ആർക്ക് പിഴ ചുമത്തണമെന്ന് തീരുമാനിക്കുക ഉദ്യോഗസ്ഥരായിരിക്കും. ക്യാമറയിൽ പതിയുന്ന നിയമലംഘനങ്ങൾ കണ്ടെത്തിയാലും ഉദ്യോഗസ്ഥർക്ക്ആരെ വേണമെങ്കിലും ഇതിലൂടെ ഒഴിവാക്കാന്‍ കഴിയും. പോലീസും, ഫയർഫോഴ്സും, ആംബുലൻസും ഉൾപ്പെടെയുള്ള എമർജൻസി വാഹനങ്ങളെ പിഴകളിൽ നിന്നും ഒഴിവാക്കുവാൻ ചട്ടങ്ങളുണ്ട്. ഇതിന്‍റെ മറ പിടിച്ച് ചട്ടം ദുർവ്യാഖ്യാനിച്ചു മന്ത്രിമാരേയും ഉന്നത ഉദ്യോഗസ്ഥരേയും പിഴകളിൽ നിന്നും ഒഴിവാക്കാനാണ് നീക്കം നടത്തുന്നത്.

കെൽട്രോണിന്‍റെ ജീവനക്കാരാണ് നിയമ ലംഘനങ്ങൾ കണ്ടെത്തി ആദ്യം നോട്ടീസ് തയാറാക്കുന്നത്. അതിൽ അന്തിമ അംഗീകാരം നൽകുന്നത് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും അതാത് ആർടിഒയുമാണ്. ഇവർ കണ്ണടച്ചാൽ ആർക്കും പിഴ ഒഴിവാക്കാനാകും. പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും നടുവിൽ എഐ ക്യാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമ ലംഘനങ്ങൾക്ക് 5-ാം തീയതി മുതൽ പിഴചുമത്താനുള്ള നീക്കങ്ങളിലാണ് ഗതാഗത വകുപ്പ്.