പാലക്കാട്: ദേശീയപാതയിലും ട്രെയിനിലും പൊലീസ് ചമഞ്ഞ് കവര്‍ച്ച നടത്തുന്ന സംഘത്തിന്റെ തലവന്‍ അറസ്റ്റില്‍. തൃശൂര്‍ അരിമ്പൂര്‍ വെളുത്തൂര്‍ കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ വിപിന്‍ എന്ന പട്ടാളം വിപിന്‍ (23) ആണ് പിടിയിലായത്. കഴിഞ്ഞ ഓഗസ്റ്റില്‍ ചെന്നൈയിലേക്ക് പോകുന്ന സ്വകാര്യ ബസ് യാത്രക്കാരനില്‍ നിന്നും ഒന്നേകാല്‍ കിലോ സ്വര്‍ണാഭരണം കവര്‍ന്ന സംഭവത്തിലാണ് അറസ്റ്റ്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം അഞ്ചായി. സംഘം സഞ്ചരിച്ചിരുന്ന രണ്ടുകാറുകളും കസ്റ്റഡിയിലെടുത്തു.
ചെന്നൈ കാഞ്ചീപുരത്തിലുള്ള ജ്വല്ലറിയിലേക്ക് കൊണ്ടുപോയിരുന്ന തൃശൂര്‍ കുട്ടനെല്ലൂര്‍ സ്വദേശിയായ സ്വര്‍ണാഭരണ വ്യാപാരിയുടെ സ്വര്‍ണമാണ് കൊള്ളയടിച്ചത്. രണ്ടു കാറുകളിലായെത്തിയ ഏഴംഗ സംഘം ബസ് തടഞ്ഞ് തൃശൂര്‍ സ്വദേശിയായ ജോണ്‍സനെ പിടിച്ചിറക്കി കൊണ്ടുപോയി സ്വര്‍ണം കവര്‍ന്ന് ദേശീയപാതയില്‍ ഇറക്കിവിടുകയായിരുന്നു. വാളയാര്‍ പൊലീസ് ആണ് കേസെടുത്തത്.
സംഘത്തിലെ നാലുപേരെ വാളയാര്‍ പൊലീസും ജില്ലാ ക്രൈം സ്‌ക്വാഡും ചേര്‍ന്നാണ് കഴിഞ്ഞയാഴ്ച പിടികൂടിയത്. ഇതോടെ ഒളിവില്‍ പോയ വിപിന്‍ പല സ്ഥലങ്ങളിലായി മാറി മാറി താമസിച്ചു വരികയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ ഇന്നലെ വലയിലാക്കിയത്. നേരത്തെ പിടിയിലായ സുജീഷ്, സുലൈമാന്‍, ബിജു, സുരേന്ദ്രന്‍ എന്നിവര്‍ ഇപ്പോള്‍ ജയിലിലാണ്.
സ്വര്‍ണ വ്യാപാരികള്‍, കുഴല്‍പ്പണം കടത്തുകാര്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് സംഘം കൊള്ള നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഘം പിടിയിലായതോടെ സമാനമായ നിരവധി കേസുകള്‍ക്ക് തുമ്പായി. കൊള്ളയടിച്ച സ്വര്‍ണത്തില്‍ ഒരുകിലോ എറണാകുളം ജില്ലയിലെ ഒരു ജ്വല്ലറിയില്‍ പ്രതികള്‍ വില്‍പന നടത്തിയത് പൊലീസ് കണ്ടെടുത്തിരുന്നു. ബാക്കി സ്വര്‍ണം തൃശൂരിലെ ഒരു ജ്വല്ലറിയില്‍ വിറ്റതായി വിപിന്‍ സമ്മതിച്ചു.
വിപിന് നേരത്തെ താമരശ്ശേരി പൊലീസ് സ്റ്റേഷനില്‍ വ്യാജ നമ്പര്‍ ഉപയോഗിച്ച് വാഹനമോടിച്ചതിന് കേസുണ്ട്. ശേഷിക്കുന്ന പ്രതികളെക്കുറിച്ചും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. വാളയാര്‍ എസ്. ഐ: എസ്. അന്‍ഷാദ്, സ്പെഷല്‍ ബ്രാഞ്ച് എ.എസ്.ഐ: പി. മധുസൂദനന്‍, ജില്ലാ ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എസ്.ഐ: എസ്. ജലീല്‍, വി. ജയകുമാര്‍, സി.എസ്. സാജിദ്, ആര്‍. കിഷോര്‍, കെ. അഹമ്മദ് കബീര്‍, ആര്‍. വിനീഷ്, എസ്.എന്‍. ഷനോസ്, ആര്‍. രാജീദ്, എസ്. ഷമീര്‍, വാളയാര്‍ പോലീസ് സ്റ്റേഷനിലെ എസ്.സി.പി.ഒമാരായ എസ്. ഷാജഹാന്‍, സുരേഷ് ബാബു, സി.പി.ഒമാരായ വിനോദ്, അഫ്സല്‍, ശ്രീജിത്ത്, രമേശ്, സൈബര്‍സെല്‍ ഉദ്യോഗസ്ഥന്‍ ഗോവിന്ദനുണ്ണി എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.