VIPANCHIKA DEATH| വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടുകളും; റീ- പോസ്റ്റ് മോര്‍ട്ടം നടത്തി

Jaihind News Bureau
Wednesday, July 23, 2025

ഷാര്‍ജയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിപഞ്ചികയുടെ ശരീരത്തില്‍ ചതവുകളും അടിയേറ്റ പാടുകളും ഉള്ളതായി പോലീസ്. ഇന്‍ക്വസ്റ്റ് നടപടിയിലാണ് ഇക്കാര്യം വ്യക്തമായത്. അതേസമയം വിപഞ്ചികയുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ റീ പോസ്റ്റുമോര്‍ട്ടം നടത്തി. കുടുംബത്തിന്റെ ആവശ്യപ്രകാരമായിരുന്നു നടപടി. തിരുവനന്തപുരം ആര്‍ഡിഒയുടെ പ്രത്യേക നിര്‍ദേശപ്രകാരം തഹസില്‍ദാര്‍ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ചത്.

കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയെയും ഒന്നര വയസുകാരിയായ മകളേയും കുഞ്ഞിനെയും ഷാര്‍ജയിലെ അല്‍ നഹ്ദയില്‍ കഴിഞ്ഞ ആഴ്ചയാണ് മരിച്ച നിലയില്‍ ഷാര്‍ജയിലെ അവരുടെ ഫ്‌ളാറ്റില്‍ കണ്ടെത്തിയത്. സ്വകാര്യ കമ്പനിയിലെ എച്ച്ആര്‍ വിഭാഗത്തിലാണ് വിപഞ്ചിക ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് നിതീഷും യുഎഇയിലാണ് ജോലി ചെയ്തിരുന്നത്. ഇയാള്‍ മദ്യപാനിയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്യാറുണ്ടെന്ന് വിപഞ്ചികസുഹൃത്തുക്കളുമായി വിവരം പങ്കുവച്ചിരുന്നു.

വിപഞ്ചികയുടെ മരണത്തില്‍ ഭര്‍ത്താവ് നിതീഷിനും കുടുംബത്തിനുമെതിരെ വിപഞ്ചികയുടെ മാതാവ് ഷൈലജ ഉള്‍പ്പെടെയുള്ള കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.വിപഞ്ചികയുടെ മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയിലാണ് സംസ്‌കരിച്ചത്. ജബല്‍ അലിയിലെ ന്യൂ സോനാപൂര്‍ ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തനിക്ക് യാത്രാ വിലക്കുള്ളതിനാല്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ സംസ്‌കരിക്കണമെന്നത് വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷിന്റെ ആവശ്യമായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റ് ചര്‍ച്ചയിലാണ് വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്കെത്തിക്കാനും മകള്‍ വൈഭവിയുടെ മൃതദേഹം യുഎഇയില്‍ തന്നെ സംസ്‌കരിക്കാനും തീരുമാനമായത്.