തിരുവനന്തപുരം: അതിക്രൂരമായ ഇടമുറി മർദ്ദന മുറകൾക്കാണ് കേരള സർവകലാശാലയുടെ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസിൽ കെഎസ്‌യു ഭാരവാഹിയായ സാൻ ജോസ് വിധേയനായത്. ക്യാമ്പസ് പീഡനത്തിലൂടെ സിദ്ധാർത്ഥിനെ അരുംകൊല ചെയ്ത എസ്എഫ്ഐയുടെ മറ്റൊരു കിരാത തേർവാഴ്ചയാണ് കാര്യവട്ടത്തും നടന്നത്.
കേരളത്തിലെ കലാലയങ്ങളിൽ എസ്എഫ്ഐ നടത്തുന്ന കിരാത തേർവാഴ്ചയുടെ മറ്റൊരു ഇരയായി സാൻജോസ് മാറുകയാണ്. ചൊവ്വാഴ്ച രാത്രി ക്യാമ്പസിൽ വന്ന സാൻ ജോസിനെ ഒരു സംഘം ഹോസ്റ്റലിലെ ഇടിമുറിയിൽ കൂട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. ഇതുകണ്ട ക്യാമ്പസിലെ വിദ്യാർത്ഥികളാണ് വിവരം പോലീസിൽ അറിയിച്ചത്. പോലീസെത്തി സാൻജോസിനെ രക്ഷപ്പെടുത്തി ജനറൽ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
തുടർന്ന് പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് അർധരാത്രി എംഎൽഎമാരുടെ നേതൃത്വത്തിൽ കെഎസ്‌യു പ്രവർത്തകർ ശ്രീകാര്യം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചു. എംഎൽഎമാരായ ചാണ്ടി ഉമ്മൻ, എം. വിൻസെന്‍റ്, കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധം. വിഷയം അറിഞ്ഞെത്തിയ എം. വിന്‍സെന്‍റ് എംഎല്‍എയ്ക്ക് നേരെയും എസ്എഫ്ഐ അതിക്രമം ഉണ്ടായി. നടുറോഡിൽ പോലീസിന് മുന്നില്‍ വെച്ചായിരുന്നു എംഎല്‍എയെ എസ്എഫ്ഐ ഗുണ്ടകള്‍ കയ്യേറ്റം ചെയ്തത്. എത്രയെത്ര ഹീനകൃത്യങ്ങള്‍ ഉണ്ടായാലും പാഠം പഠിക്കാത്ത എസ്എഫ്ഐ കലാലയങ്ങളെ അക്രമ രാഷ്ട്രീയത്തിന്‍റെ വേദികളാക്കി വീണ്ടും വീണ്ടും മാറ്റുകയാണ്.