ബിജെപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് തലശ്ശേരി അതിരൂപതാ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംപ്ലാനി. ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്നവരെ വിശ്വസിക്കാനികില്ല. അധികാരത്തിന്റെ പിന്‍ബലമുണ്ടെന്ന ധാരണയില്‍ ചിലര്‍ അഴിഞ്ഞാടുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് വായാട്ടുപറമ്പ് ഫൊറോനയുടെ നേതൃത്വത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യക്കാരെല്ലാം സഹോദരി സഹോദരങ്ങളാണെന്ന് പറയുന്നിടത്തുനിന്നു ചിലരെ ശത്രുക്കളായി കാണുകയാണ്. കാലം മാപ്പു തരാത്ത കാപാലികത്വമാണ് ബിജെപി സര്‍ക്കാര്‍ കാട്ടുന്നത്. നുണയെ ഔദ്യോഗിക നിയമമായി അവതരിപ്പിക്കരുതെന്നും മതപരിവര്‍ത്തന നിയമത്തിന്റെ മറവില്‍ ചില സാമൂഹ്യവിരുദ്ധര്‍ അക്രമം നടത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മണിപ്പൂരിലും ഇത്തരം അഴിഞ്ഞാട്ടമാണ് കണ്ടതെന്നും അദ്ദേഹം പ്രതിഷേധ വേളയില്‍ പറഞ്ഞു. ബിജെപി അധികാരത്തില്‍ എത്തിയതിന് ശേഷം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമം വര്‍ധിച്ചിരിക്കുകയാണ്, കേക്കും ലഡുവുമായി ആരും ഇതുവരെ തന്റെ അരമനയിലേക്ക് വന്നിട്ടില്ലെന്നും പാംപ്ലാനി പരിഹസിച്ചു.