WOMENATTACK| സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം: നിയമനിര്‍മാണത്തിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി

Jaihind News Bureau
Friday, May 30, 2025

സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ നിയമനിര്‍മാണം നടത്തുന്നതിന്റെ സമയക്രമം അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. നിയമം രൂപീകരിക്കുന്നതിന് മുന്നോടിയായുള്ള കോണ്‍ക്ലേവ് ഓഗസ്റ്റിലേക്ക് മാറ്റിയതിനെ തുടര്‍ന്നാണ് കോടതി നിര്‍ദേശം നല്‍കിയത്. ജസ്റ്റിസ് ഡോ.എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് സി എസ് സുധ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്.

ഏപ്രിലില്‍ നടത്താനിരുന്ന കോണ്‍ക്ലേവാണ് കൂടുതല്‍ സമയം അനുവദിക്കണമെന്ന് അഡ്വ.ജനറല്‍ കെ ഗോപാലകൃഷ്ണക്കുറുപ്പ് അറിയിച്ചതിനെ തുടര്‍ന്ന് ഓഗസ്റ്റിലേക്ക് മാറ്റിയത്. എന്നാല്‍ ഇത് നിയമനിര്‍മാണം രൂപീകരിക്കുന്നതിന് കാലതാമസം വരുത്തുമെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഇതേ തുടര്‍ന്നാണ് സമയക്രമം അറിയിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നടപടിക്രമങ്ങളുള്ളതിനാല്‍ നിയമനിര്‍മാണം നടത്താന്‍ സാധ്യതയുള്ള സമയക്രമം 9ന് ഹര്‍ജി പരിഗണിക്കുമ്പോള്‍ അറിയിക്കണമെന്നായിരുന്നു നിര്‍ദേശം.