SHAFI PARAMBIL MP| ഷാഫി പറമ്പിലിനെതിരായ അതിക്രമം: പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് പരാതി നല്‍കി ഷാഫി പറമ്പില്‍ എംപി

Jaihind News Bureau
Tuesday, October 14, 2025

ഷാഫി പറമ്പില്‍ എംപിക്കെതിരായ പൊലീസ് അതിക്രമത്തില്‍ നടപടിയെടുക്കാതെ സംസ്ഥാന സര്‍ക്കാര്‍. തെളിവുകള്‍ സഹിതം പുറത്തുവന്നിട്ടും ഒളിച്ചുകളി തുടരുകയാണ് സര്‍ക്കാര്‍. എന്നാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കുന്നത് വരെ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. അതേ സമയം സംഭവത്തില്‍ ഷാഫി പറമ്പില്‍ ലോക്സഭാ സ്പീക്കര്‍ക്കും പാര്‍ലമെന്റ് പ്രിവിലേജ് കമ്മിറ്റിക്കും പരാതി നല്‍കി. പോലീസുകാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ടാണ് പരാതി നല്‍കിയത്.

കുറച്ചു ദിവസങ്ങള്‍ക്കു മുമ്പാണ് കോളജ് യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പേരാമ്പ്രയിലുണ്ടായ പ്രതിഷേധ പ്രകടനങ്ങളിലേക്ക് സിപിഎമ്മിന്റെ കടന്നാക്രമണം ഉണ്ടായത്. അക്രമത്തിന് പോലീസ് മൗനാനുവാദം നല്‍കുകയായിരുന്നു. പിന്നീട് പോലീസ് ലാത്തിച്ചാര്‍ജും ടിയര്‍ ഗ്യാസ് പ്രയോഗവും നടത്തി. ഷാഫിപറമ്പില്‍ എം.പിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. സിപിഎമ്മിന്റെ അതിക്രമവും അതിന് ഒത്തശ ചെയ്ത പോലീസ് നടപടിയിലും പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ കോണ്‍ഗ്രസ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചിരുന്നു.