വടകര എംപി ഷാഫി പറമ്പിലിനെതിരായ പൊലീസ് അതിക്രമത്തില്‍ ലോക്‌സഭ സ്പീക്കര്‍ക്ക് പരാതി നല്‍കി കൊടിക്കുന്നില്‍ സുരേഷ് എംപി. മതിയായ സുരക്ഷ ഒരുക്കുന്നതില്‍ കേരള പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും, നടപടി ഉണ്ടാകണമെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്. ഒരു സിറ്റിംഗ് പാര്‍ലമെന്റ് അംഗത്തിനെ പൊതുവഴിയില്‍ പോലീസുകാര്‍ തന്നെ ആക്രമിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് ഭരണഘടനാപരമായ ഉത്തരവാദിത്വത്തെയും ജനാധിപത്യ സംവിധാനത്തെയും ചോദ്യം ചെയ്യുന്ന പ്രവര്‍ത്തിയാണെന്നും ജനങ്ങളുടെ പ്രതിനിധികള്‍ക്ക് പോലും സുരക്ഷയില്ലാത്ത അവസ്ഥ കേരളത്തില്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കോഴിക്കോട് പേരാമ്പ്രയില്‍ ഷാഫി പറമ്പില്‍ എംപിക്കെതിരെ നടന്നത് വെറും രാഷ്ട്രീയ അക്രമമല്ല പാര്‍ലമെന്റിന്റെ അന്തസ്സിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും നേരെയുളള ഗുരുതരമായ വെല്ലുവിളിയുമാണെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവത്തെക്കുറിച്ച് അടിയന്തര ഇടപെടലും ഉചിതമായ നടപടിയും ആവശ്യപ്പെട്ട് ലോക്‌സഭയിലെ കോണ്‍ഗ്രസ് പാര്‍ട്ടി ചീഫ് വിപ്പ് എന്ന നിലയില്‍ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് ഔദ്യോഗികമായി അദ്ദേഹം പരാതി നല്‍കി. സംഭവത്തെക്കുറിച്ച് കേരള പോലീസ് ഡയറക്ടര്‍ ജനറലില്‍ നിന്നും വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെടാനും വിഷയം ലോക്‌സഭ പ്രിവിലേജസ് കമ്മിറ്റിക്ക് വിടാനും ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിലും ദുഷ്പ്രവൃത്തിയിലും ഉള്‍പ്പെട്ട എല്ലാ ഉദ്യോഗസ്ഥര്‍ക്കെതിരെയും കര്‍ശനമായ അച്ചടക്ക, നിയമനടപടികളും സ്വീകരിക്കേണ്ടതുണ്ട്. ഇത് ഒരു വ്യക്തിയോടുള്ള ആക്രമണമല്ല നമ്മുടെ പാര്‍ലമെന്ററി ജനാധിപത്യത്തിന്റെ വിശ്വാസ്യതയോടുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ പവിത്രതയും പാര്‍ലമെന്റ് അംഗങ്ങളുടെ മാനവും സംരക്ഷിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.