കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപിക്ക് നേരെയുണ്ടായത് സിപിഎമ്മും പോലീസും ചേര്‍ന്ന് കരുതിക്കൂട്ടി നടത്തിയ അക്രമമാണെന്നും അതിനെ കോണ്‍ഗ്രസ് ശക്തമായി അപലപിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഷാഫി പറമ്പിലിനും പ്രവര്‍ത്തകര്‍ക്കും എതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 11ന് സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചു.
സ്വര്‍ണ്ണപ്പാളി മോഷണത്തില്‍ പ്രതിക്കൂട്ടിലായ സംസ്ഥാന സര്‍ക്കാരും സിപിഎമ്മും ചേര്‍ന്ന് ജനശ്രദ്ധ തിരിക്കാനാണ് ഇത്തരമൊരു ആക്രമണം ആസുത്രണം ചെയ്തത്. പോലീസ് അത് നടപ്പിലാക്കുകയായിരുന്നു. സിപിഎമ്മിന്റെ ക്വട്ടേഷന്‍ പണിയാണ് ഇപ്പോള്‍ കേരള പോലീസിന്. മനപൂര്‍വ്വം നാട്ടില്‍ കലാപം സൃഷ്ടിക്കാനാണ് ശ്രമം. ജനപ്രതിനിധി കൂടിയായ ഷാഫി പറമ്പിലിനെ ഏതുവിധേനയും രാഷ്്ട്രീയമായും കായികമായും ഇല്ലാതാക്കുന്ന ശ്രമങ്ങള്‍ നേരത്തെ തന്നെ സിപിഎം നടത്തിയിരുന്നു. വ്യാജ ആരോപണങ്ങളും കയ്യേറ്റശ്രമങ്ങളും നിരവധി തവണഷാഫി പറമ്പിലിന് നേരെ സിപിഎം നടത്തി. ജനാധിപത്യ രീതിയില്‍ ഷാഫി പറമ്പിലിനെ പരാജയപ്പെടുത്താന്‍ കഴിയാത്തതിന്റെ പേരിലാണ് അക്രമിച്ച് ഇല്ലാതാക്കാമെന്ന് സിപിഎം കരുതുന്നതെന്നും സണ്ണി ജോസഫ് പറഞ്ഞു.